തുടർച്ചയായി രോഗവ്യാപനവും മരണനിരക്കും കുറയുന്നതിൽ നിന്ന് വിഭിന്നമായി ഇന്നലെ രാജ്യത്തെ കോവിഡ് കേസുകളിൽ 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത് ആശങ്ക പടർത്തി. മരണ നിരക്കിലും രാജ്യത്ത് നേരിയ വർധനവ് ഉണ്ട്. ഇന്നലെ രാജ്യത്ത് 10 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഇത് 7 മാത്രമായിരുന്നു. ജനിതക മാറ്റം വന്ന ഇന്ത്യൻ വൈറസിന്റെ സാന്നിധ്യം രാജ്യത്താകെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. പുതിയ വൈറസിന്റെ രോഗവ്യാപന ശേഷി കൂടുതലാണോ?, വാക്സിനേഷനെ മറികടക്കാൻ വൈറസുകൾക്ക് ആകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ധർ പഠനം നടത്തും.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണവൈറസ് ബാധിച്ച 77 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനിതകമാറ്റം വന്ന പുതിയ വൈറസിൻെറ സാന്നിധ്യം ഇതുവരെ രോഗവ്യാപനതോതും മരണനിരക്ക് കുറയ്ക്കുന്നതിനും യുകെ കൈവരിച്ച നേട്ടങ്ങളെ ഇല്ലായ്മ ചെയ്തേക്കാം എന്ന ആശങ്ക പൊതുവേയുണ്ട്. വൈറസ് വ്യാപനത്തിൻെറ മൂന്നാം തരംഗത്തിനെതിരെ രാജ്യം കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഇന്നുവരെ 10 ദശലക്ഷം ആൾക്കാർക്ക് 2 ഡോസ് വാക്സിൻ ലഭിച്ചതായി കണക്കുകൾ വ്യകതമാക്കുന്നു . 32 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനും സാധിച്ചിട്ടുണ്ട് . അതേസമയം കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 18257 കേസുകളാണ് ഇന്നലെ കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാമാരി തുടങ്ങിയതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ കണക്കാണിത്.
Leave a Reply