ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആളുകൾ ചിലവഴിക്കുന്നത് കുറഞ്ഞതും പല മേഖലകളിലും സമരങ്ങൾ മൂലം ഉത്പാദനക്ഷമത താഴേക്കായതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു . ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീണ്ടും സാമ്പത്തിക വളർച്ചയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടർച്ചയായ രണ്ട് പാദങ്ങളിൽ വളർച്ച രേഖപ്പെടുത്താനായില്ലെങ്കിലാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കപ്പെടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും 0.3% ആണ് ചുരുങ്ങിയത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന വാർത്ത പുറത്തു വന്നത് പ്രധാനമന്ത്രി ഋഷി സുനകിനെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പ്രാവർത്തികമാക്കാൻ പറ്റാത്തതിനെ ചൊല്ലി പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും കടുത്ത വിമർശനങ്ങൾ ഉയരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി യുകെയ്ക്ക് സമാനമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. ജപ്പാനിലും സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറഞ്ഞു . 2023 വർഷാവസാനം സമ്പദ് വ്യവസ്ഥ തകർന്നതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നു. ബ്ലാക്ക് ഫ്രൈഡേയിൽ സാധനങ്ങൾ വാങ്ങി കൂട്ടിയതിനു ശേഷം ഡിസംബറിൽ ആളുകൾ ചിലവഴിക്കുന്നത് വളരെ കുറച്ചതാണ് ഇതിന് ഒരു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ജൂണിയർ ഡോക്ടർമാരുടെ സമരമാണ് മറ്റൊരു കാരണം . ജിഡിപിയുടെ ഉയർച്ചയാണ് സാമ്പത്തിക വളർച്ചയുടെ അളവുകോലായി കണക്കാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടിയെടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.