നിയമസഭാ തെരഞ്ഞെടുപ്പിൽ കൈയ്യിലുണ്ടായിരുന്ന ഏക സീറ്റിനൊപ്പം ബിജെപി കൈവിട്ടത് വോട്ട് ഷെയറും. എൻഡിഎ സഖ്യത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് 16.5 ശതമാനം വോട്ടുകൾ നേടാനായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് ശതമാനം 12.4 ശതമാനം മാത്രമാണ്.
തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോൾ മൂന്ന്-നാല് സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന ഉറപ്പിലായിരുന്നു എൻഡിഎ. എന്നാൽ സിറ്റിങ് സീറ്റായ നേമത്തിനൊപ്പം ഒപ്പത്തിനൊപ്പം മത്സരിച്ച പാലക്കാടും കൈവിടാനായിരുന്നു ജനഹിതം. വലിയ ആഘോഷത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് കനത്ത തോൽവി ഏറ്റുവാങ്ങിയത് അടുത്തകാലത്തൊന്നും ബിജെപിക്ക് മറക്കാനാകുന്നതല്ല. വോട്ട് വിഹിതം ഉയർത്തിയതെങ്കിലും ചൂണ്ടിക്കാണിച്ച് വാദിച്ച് ജയിക്കാൻ പോലും ഇനി ബിജെപിക്ക് സാധ്യവുമല്ല. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാളും ബഹുദൂരം താഴേക്ക് പോയ എൻഡിഎയുടെ ഭാവി തന്നെ കേരളത്തിൽ അനിശ്ചിതത്വത്തിലാണ്. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞുപോയതുകൊണ്ട് തന്നെ ബിജെപിക്ക് ഒരു തിരിച്ചുവരവിനായി ഏറെ കാത്തിരിക്കേണ്ടി വരും.
വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകളിൽ എൻഡിഎയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി, ജെഡിഎസ്, എഐഎഡിഎംകെ എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. നേരിയ വ്യത്യാസം ഈ കണക്കുകളിൽ ഉണ്ടായേക്കാമെങ്കിലും വൻതോതിലുള്ള വോട്ട് ചോർച്ച ബിജപിക്ക് സംഭവിച്ചെന്നു തന്നെയാണ് വ്യക്തമാവുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു എൻഡിഎക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണ 12.4 ശതമാനം മാത്രമാണ് ലഭിച്ചത്. 2016ൽ ലഭിച്ച വോട്ടിൽനിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 15.64 ശതമാനമായിരുന്നു എൻഡിഎയ്ക്ക് ലഭിച്ച വോട്ട്. മികച്ച മുന്നേറ്റമായി തന്നെ ഈ വർധനവിനെ വിലയിരുത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ വന്ന 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻമാരുടേത് അടക്കം വോട്ട് ശതമാനം 16.5ന് മുകളിലെത്തി. വലിയ ആത്മവിശ്വാസം എൻഡിഎയ്ക്ക് കൈവന്നതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ ആവേശത്തോടെ നേരിട്ടതും. അമിത് ഷാ, നരേന്ദ്ര മോഡി, ജെപി നഡ്ഡ, രാജ്നാഥ് സിങ് തുടങ്ങിയ ദേശീയ തലത്തിലെ വമ്പന്മാരൊക്കെ നേരിട്ട് പ്രചാരണത്തിന് എത്തുകയും ചെയ്തു. എന്നിട്ടും 16.5 എന്ന വോട്ട് ശതമാനത്തിൽ നിന്നും 12.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ബിജെപി.
നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലമ്പുഴ, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായെങ്കിലും തൃശ്ശൂർ, കോന്നി എന്നിവിടങ്ങളിലെ മൂന്നാം സ്ഥാനം കടുത്ത നിരാശ പകരുകയാണ്.
കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടന്ന പ്രചാരണം ഒട്ടും തെരഞ്ഞെടുപ്പിനെ സഹായിക്കാതെ നാല് ശതമാനത്തോളം വോട്ട് കുറച്ചത് പാർട്ടിക്കുള്ളിൽ ഗൗരവകരമായ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിലവിൽ ലഭിച്ച വോട്ടുകളിലെ ഭൂരിഭാഗവും ഇ ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയിൽ നേടിയതാണെന്നു കൂടി പരിഗണിക്കുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച ചോദ്യം ചെയ്യപ്പെടുകയാണ്.











Leave a Reply