ചാവക്കാട്: തൃശൂര്‍ ചേലക്കരയില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. അച്ചുപുളിക്കല്‍ വീട്ടില്‍ സീനത്തിന്റെ മൃതദേഹാവശിഷ്ടം ചാവക്കാട് കടപ്പുറത്തുനിന്ന് കുഴിച്ചെടുത്തു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സീനത്തിനെ കൊന്നതാണെന്ന് കാമുകന്‍ ചാവക്കാട് സ്വദേശി റഫീഖ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലില്‍ ആണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
2014 സെപ്റ്റംബര്‍ 14–ാം തീയതിയാണ് സീനത്തിനെ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ സീനത്തിന്റെ കാമുകനെന്നു സംശയിച്ച റഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സീനത്തിനെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

chavakkad

സീനത്തിനെ കൊലപ്പെടുത്തി പുത്തന്‍ കടപ്പുറത്ത് കുഴിച്ചിട്ടുവെന്നായിരുന്നു ഇയാളുടെ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാവിലെ തിരച്ചില്‍ നടത്തിയത്. കടപ്പുറത്ത് മൂന്നടി താഴ്ചയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. അതേസമയം, ഫൊറന്‍സിക് പരിശോധനയില്‍ കൂടെ മാത്രമേ ഇത് സീനത്തിന്റെതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ റഫീക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടത് സീനത്ത് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

സീനത്തും റഫീക്കും തമ്മില്‍ മൂന്നുവര്‍ഷമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റഫീക്കില്‍നിന്ന് രണ്ടരലക്ഷത്തോളം രൂപ സീനത്ത് പലപ്പോഴായി വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാതിരിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ റഫീക്ക് സീനത്തിനെ വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ബോധരഹിതയായി മാറിയ സീനത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്ന് റഫീക്ക് മൊഴി നല്‍കിയിട്ടുണ്ട്.