ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഫ്ലോറിഡ : – ഫ്ലോറിഡയിലെ സർഫ്സൈഡിൽ 12 നിലയുള്ള കെട്ടിടം തകർന്ന് വീണ് മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉള്ള തിരച്ചിൽ നാലാം ദിവസവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 1.30 നാണ് കെട്ടിടം തകർന്നു വീണത്. രാത്രി ആയതിനാൽ തന്നെ മിക്ക താമസക്കാരും ഉറക്കത്തിലായിരുന്നു. ഏകദേശം 150 ഓളം ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. മരണപ്പെട്ട ഒൻപത് പേരിൽ, എട്ടു പേരുടെ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്. ഒരാൾമാത്രം ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.


കെട്ടിടം തകർന്നു വീഴാൻ ഉണ്ടായ കാരണം ഇനിയും വ്യക്തമല്ല. കെട്ടിടത്തിന്റെ ബേസിലെ വാട്ടർ ഡ്രെയിനേജ് സിസ്റ്റം ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെന്നും, ഇതുമൂലമുള്ള ബലക്ഷയം ആകാം തകർന്നു വീഴാൻ കാരണം ആയതെന്നും വിലയിരുത്തപ്പെടുന്നു. കൂടുതൽ ആളുകളെ ജീവനോടെ രക്ഷിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ തിരച്ചിൽ തുടരുന്നത്. ഇസ്രായേൽ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. എന്നാൽ കെട്ടിടം തകർന്നു വീണതിന് ശേഷമുള്ള മണിക്കൂറുകളിൽ ഉണ്ടായ തീ മൂലം, തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. 136ഓളം അപ്പാർട്ട്മെന്റുകളുള്ള കെട്ടിടത്തിലെ, ഏകദേശം 55 ഓളം അപ്പാർട്ട്മെന്റുകൾ തകർന്നു വീണു. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഇത്. 2018 ൽ തയ്യാറാക്കിയ എൻജിനീയറുടെ റിപ്പോർട്ടിൽ, കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ട്രക്ച്ചറിനു സാരമായ ബലക്ഷയം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.