ന്യൂഡൽഹി: ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം മാറ്റിയത്.
ഇതു രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽപ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
സംഭവത്തിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനം ഉയരുകയും നടപടി വേണമെന്ന് ആവശ്യം വ്യാപകമാവുകയും ചെയ്തിതിട്ടുണ്ട്. രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഐടി ആക്റ്റിലെ 69 എ പ്രകാരം പിഴയോ ഉദ്യോഗസ്ഥർക്ക് 7 വർഷം വരെ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ പറഞ്ഞു.ഇതുവഴി പൊതുജനങ്ങൾക്ക് ട്വിറ്ററിലേക്കുള്ള പ്രവേശനം തടയാനും സാധിക്കുമെന്നാണ് വിവരം.
Leave a Reply