അപ്പീലുകളും ജാമ്യവുമില്ലാത്ത ലോകത്തിലേക്ക് ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ്സ്വാമി എന്ന ഫാ. സ്റ്റാന്‍ സ്വാമി യാത്രയായിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തലോജ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയിലാണ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതും ജീവിതകാലം മുഴുവൻ പൊരുതിയതും. ആ മനുഷ്യന് സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു ജീവൻ വെടിയേണ്ടിവന്നു . പാർക്കിൻസൺസ് രോഗമുണ്ടായിരുന്ന, എൺപത്തിനാലുകാരനായ ഒരു വന്ദ്യവയോധികന് ചികിത്സയും ജാമ്യവും നിഷേധിക്കപ്പെട്ട് ഒൻപതു മാസക്കാലം ജയിലിൽക്കിടന്നു . ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണു ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറയുന്നു. എന്നാൽ, ആ കേസുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന വ്യക്തമായ ഒരു തെളിവും പുറത്തുവന്നിട്ടില്ല. എന്നിട്ടും അദ്ദേഹത്തിനു ജാമ്യം നൽകുന്നതിനെ എന്‍ഐഎ എതിർത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ കസ്റ്റഡി കൊലപാതകത്തിനു തുല്യം എന്നാണു കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ വിശേഷിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി മാറുകയാണു ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മുതൽ മരണംവരെയുള്ള സംഭവങ്ങൾ. നിയമവ്യവസ്ഥകൾ എങ്ങനെയെല്ലാം ദുരുപയോഗപ്പെടുത്താമെന്നു നാം ഞെട്ടലോടെ കാണുന്നു. കൃത്രിമ തെളിവുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യപ്പെട്ട തനിക്കു ജാമ്യം കിട്ടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ഫാ. സ്റ്റാൻസ്വാമി വിശ്വസിച്ചു. പക്ഷേ, അദ്ദേഹം നിഷ്കരുണം വേട്ടയാടപ്പെട്ടു. തീർത്തും മനുഷ്യത്വരഹിതമായിട്ടായിരുന്നു ആ വയോധികനോടുള്ള നിയമവ്യവസ്ഥയുടെ പെരുമാറ്റം. ജയിലിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. പാർക്കിൻസൺസ് രോഗംമൂലം വിറയലുള്ള അദ്ദേഹത്തിനു വെള്ളം കുടിക്കാൻ സ്ട്രോ നൽകണമെന്ന ആവശ്യംപോലും വളരെക്കാലം നിഷേധിക്കപ്പെട്ടു. കേസന്വേഷണം പൂർത്തിയാക്കാതെ കസ്റ്റഡി നീട്ടിക്കൊണ്ടുപോയി.
ജാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പോരാടിയ ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമി ദുർബലവിഭാഗങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്ന വൻകിട കോർപറേറ്റുകളുടെയും അവർക്കു സംരക്ഷണം നൽകുന്ന രാഷ്ട്രീയ മേലാളന്മാരുടെയും നോട്ടപ്പുള്ളിയായിരുന്നു ആദ്യംമുതൽ. മഹാരാഷ്ട്രയിലെ എൽഗാർ പരിഷത് ഭീമ കൊറേഗാവ് കേസിൽ സമർപ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ചാണ് എൻഐഎ പ്രവർത്തിക്കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്ന നടപടികളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ കാര്യത്തിലുണ്ടായതെന്നു ചൂണ്ടി കാണിക്കപ്പെടുന്നു . റാഞ്ചിയിൽ ജസ്യൂട്ട് മേൽനോട്ടത്തിൽ നടത്തുന്ന സാമൂഹ്യസ്ഥാപനമായ ബഗൈചയുടെ കാന്പസിൽനിന്നാണ് 2020 ഒക്ടോബർ എട്ടിന് അർധരാത്രി ഫാ. സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുക്കുന്നത്. തനിക്കെതിരെ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു.
84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി ഈശോസഭാംഗമാണ്. മനുഷ്യാവകാശലംഘനത്തിന്റെ ഇരകൂടിയായി മാറിയിരിക്കുകയാണ് ഫാ.സ്റ്റാന്‍ സ്വാമി. പ്രായവും രോഗവും പരിഗണിച്ച് പലതവണ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു.
Leave a Reply