ദുബായിയിൽ യുവതി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ബന്ധുക്കൾ. മാള വട്ടക്കോട്ട കടവിൽ ഇക്ബാലിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അഴിക്കോട് കടവിൽ ഇസ്ഹാഖ് സേട്ടുവിന്റെ മകളുമായ ഷബ്നയാണ് മരിച്ചത്.

ഷബ്നയുടെ പിതാവ്, ഭർത്താവ്, കേരള പ്രവാസി സംഘം അഴീക്കോട് മേഖല കമ്മിറ്റി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്‌സിനും യുഎഇ ഇന്ത്യൻ അംബാസഡർക്കും ദുബായ് ഹൈകമ്മീഷണറേറ്റിലേക്കും പരാതി അയച്ചു.

ഷബ്‌നയുടെ വീട്ടുകാർ പറയുന്നതിങ്ങനെ: കണ്ണൂർ സ്വദേശിനികളായ ദമ്പതികൾ താമസിക്കുന്ന ദുബായ് ഒയാസിസ് കെട്ടിടത്തിലാണ് ഷബ്ന ഗാർഹിക ജോലികൾ ചെയ്തിരുന്നത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നയെ സന്ദർശക വിസയിൽ സെപ്റ്റംബറിൽ കൊണ്ടുപോയത്.

കൊച്ചി പോർട്ടിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് ഇഖ്ബാൽ അസുഖബാധിതനായതോടെ വൻ കടബാധ്യത വന്നതിനാലാണ് 44കാരിയായ ഷബ്ന വാഗ്ദാനത്തിൽ വീണത്. വിസ നൽകി കൊണ്ടുപോയയാൾ കണ്ണൂർ പയ്യന്നൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടിയെ കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ കാൽതെറ്റി വീണ് ഷബ്നക്ക് പൊള്ളലേറ്റതായി പറയുന്നത്.

പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിൽകൂടി വീണെന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷബ്ന മരിച്ചതായി പറയുന്നത്. കോവിഡ് മൂലം കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനായില്ലത്രേ. പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ ദുബൈയിൽ തടസ്സമുണ്ടാകുമായിരുന്നില്ലെന്ന് പ്രവാസി സംഘം പ്രവർത്തകർ പറഞ്ഞതായും വീട്ടുകാർ പറയുന്നു. ഷബ്നയുടെ രണ്ടു സഹോദരിമാരും ഭർത്താവും മകളും മാള പള്ളിപ്പുറത്തെ വീട്ടിലാണ്.