ഷിബു മാത്യൂ
നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സാറാസ് എന്ന മലയാള ചിത്രം മുന്നേറുകയാണ്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ പെരുമഴയാണിപ്പോള്‍.
അദ്ധ്യാപികയും ടെലിവിഷന്‍ അവതാരകയുമായ മായാറാണി സാറാസ് എന്ന സിനിമ നല്‍കുന്ന അപകടകരമായ സന്ദേശത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രവാഹമാണിപ്പോള്‍.
എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയര്‍ എനിക്ക് കിട്ടിയത് എന്റെ മക്കള്‍ ഉണ്ടായ ശേഷമാണ്. അതുകൊണ്ട് മക്കള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കില്ല. മായാറാണി പറയുന്നു.
ഒരു തലമുറയ്ക്ക് മൊത്തമായി വലിയൊരു അപകടത്തിന്റെ സന്ദേശമാണ് സാറാസ് നല്‍കുന്നത്.
‘എനിക്കിഷ്ടമില്ല ‘ എന്നതിന്റെ പേരില്‍ ഒരു കുഞ്ഞുജീവന്‍ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തതെന്ന് മായാറാണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
ഞാന്‍ മായാറാണി. അദ്ധ്യാപികയായ ഞാന്‍ മൂന്ന് മക്കളുടെ അമ്മയുമാണ്. ഇന്നലെ പുതിയ ചര്‍ച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടില്‍ കൊലപാതകം ഇപ്പോള്‍ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോള്‍ ഇറങ്ങുന്ന പല സിനിമകളും എന്നില്‍ സംശയം ജനിപ്പിക്കുന്നു. കുടുംബ സ്വത്തിനു വേണ്ടി അപ്പനെ കൊല്ലുന്ന മകന്‍, കരിയറിനു വേണ്ടി കുഞ്ഞിനെ കൊല്ലുന്ന അമ്മ, സ്ത്രീധനം പറഞ്ഞു ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവ്…. പേടിക്കണം ഇവിടെ ജീവിക്കാന്‍…
ഇനി വീണ്ടും സാറായിലേക്ക്… നെഗറ്റീവ് തീം സൃഷ്ടിച്ചു സിനിമ ക്ലിക്ക് ആക്കുക എന്നതാണ് ഉദേശിച്ചത് എങ്കില്‍ നിങ്ങള്‍ വിജയിച്ചു… കാരണം റേറ്റിംഗ് കൂടിയിട്ടുണ്ട്…
എനിക്ക് ഈ ഫിലിമില്‍ യോജിക്കാന്‍ സാധിക്കാതെ പോയ കഥാപാത്രം ബഹുമാനപെട്ട ഗൈനക്കോളജിസ്റ്റ് ആണ്. ജീവനെ അതിന്റെ തുടക്കം മുതല്‍ ബഹുമാനിച്ചു കൊള്ളാം എന്ന് പറഞ്ഞല്ലേ ഈ ഡോക്ടര്‍മാര്‍ ആ പദവി ഏറ്റെടുക്കുന്നത്? നാട്ടില്‍ നടക്കുന്ന പല അബോര്‍ഷനുകളും സത്യത്തില്‍ ഇവര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്താല്‍ അവസാനിക്കാവുന്നതേ ഉള്ളൂ.
40 ആം വയസ്സില്‍ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാന്‍. 25 വയസ്സിലെ ആരോഗ്യം ഒന്നും 40 ആം വയസ്സിലെ ഗര്‍ഭത്തിനുണ്ടാവില്ല. അതുകൊണ്ട് ഗര്‍ഭിണിയായ അവസ്ഥയില്‍ ഒരു ഫിലിം ഡയറക്റ്റ് ചെയ്യാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ഒത്തിരി അമ്മമ്മാരെ കളിയാക്കലും പുതിയ കുട്ടികളെ തെറ്റിധരിപ്പിക്കലും ആണ്.
ഇവിടെ സാറയുടെ ഗര്‍ഭം 2 മാസമേ ആയിട്ടുള്ളൂ. ഒരു സിനിമ തീരാന്‍ 45 ദിവസം ഒക്കെ മതിയാവും… ഗര്‍ഭാവസ്ഥയില്‍ ഇത് ഡയറക്റ്റ് ചെയ്തിരുന്നെങ്കില്‍ ഈ ഫിലിം യഥാര്‍ത്ഥ സ്ത്രീ ശക്തീകരണം ഉറപ്പിച്ചേനെ. കാരണം ഗര്‍ഭാവസ്ഥയില്‍ ആ പടം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പുരുഷമാരുടെ ക്രൂ ഉം ഭര്‍ത്താവും…. ഒടുവില്‍ കുഞ്ഞിനേയും കൊണ്ടു റിലീസിന് എത്തുന്ന സാറയും. എങ്കില്‍ ഈ സിനിമ ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും നല്ല സ്ത്രീ പക്ഷ സിനിമയും കുടുംബ ചിത്രവും ഓക്കേ ആയേനെ. എന്റെ ജൂഡ് സാറെ നിങ്ങള് പാളിപ്പോയി… സമ്മതിച്ചേ പറ്റു…
പിന്നെ ഇപ്പോഴത്തെ തലമുറയോട്. ഓരോ മക്കളും നമ്മുടെ ജീവിതത്തില്‍ വല്യ മാറ്റങ്ങളും നേട്ടങ്ങളും ആണ് സമ്മാനിക്കുന്നത്. ഒരു സ്ത്രീക്ക് അവരുടെ കരിയര്‍ വളരെ പ്രധാനപ്പെട്ടത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയര്‍ എനിക്ക് കിട്ടിയത് എന്റെ മക്കള്‍ ഉണ്ടായ ശേഷമാണ്. അതുകൊണ്ട് മക്കള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കില്ല…
എന്റെ ശരീരം, എന്റെ തീരുമാനം…. ഈ സിനിമയില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന ഈ വാക്കുകള്‍ ശ്രദ്ധിച്ചോ? സ്ത്രീകള്‍ ഇങ്ങനെ ചിന്തിച്ചാല്‍ കുഞ്ഞിന്റെ അപ്പന്‍മാരുടെ റോള്‍ എന്താണ്? ഈ സിനിമയില്‍ വളരെ സപ്പോര്‍ട്ടീവ് ആയ ഒരു ഭര്‍ത്താവും ആ കുഞ്ഞു ജനിക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയും ആണ് ജീവന്‍ എന്ന കഥപാത്രം. അപ്പോള്‍ പിന്നെ ‘എന്റെ, എന്റെ, എന്റെ…’ എന്ന് മാത്രം പ്രൊമോട്ട് ചെയ്യുന്ന ഈ സിനിമ പുതിയ തലമുറയില്‍ കുത്തിവയ്ക്കുന്ന ഒരു വിഷം ഉണ്ട്. അതാണ് selfishness. നമ്മുടെ അമ്മമാരൊക്കെ ഇങ്ങനെ ചിന്തിക്കാതെ ഇരുന്നതിനു അവര്‍ക്കു ഒരു ബിഗ് സല്യൂട്ട്. ജീവന്‍ അമൂല്യമാണ്. അത് നശിപ്പിക്കാന്‍ മനുഷന്‍ ആരാണ്? പ്രത്യേകിച്ചും ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെ പോകാന്‍ എല്ലാവരും തയ്യാറാകുമ്പോള്‍ വളരെ കൂള്‍ ആയി ‘എനിക്കിഷ്ടമില്ല ‘ എന്നതിന്റെ പേരില്‍ ഒരു കുഞ്ഞുജീവന്‍ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തത്.
ലേഡി ഡയറക്ടര്‍മാര്‍ ഒക്കെ ഇപ്പോള്‍ രംഗത്ത് സര്‍വസാധരണം ആവുകയാണ്. പക്ഷെ, ഗര്‍ഭിണിയായ ഒരു ഡയറക്ടര്‍ എല്ലാ കാലത്തും ജനഹൃദയത്തില്‍ സ്ഥാനം പിടിക്കുമായിരുന്നു. വെല്ലുവിളികളെ നേരിടാനുള്ള വല്യ പ്രചോദനം ആകുമായിരുന്നു. ഈ സിനിമ നല്‍കിയ മൂല്യ ച്യുതി ഓര്‍ത്തു ദുഃഖം ഉണ്ട്. പുതിയ തലമുറയിലെ കൊച്ചുങ്ങളെ.. നിങ്ങള്‍ ഇതൊന്നും കണ്ടു പഠിച്ചേക്കല്ലേ…!
മായാറാണി.
https://m.facebook.com/story.php?story_fbid=10221117166702256&id=1336823677&sfnsn=scwspmo
Leave a Reply