ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ ഇനി നീണ്ട പത്ത് ദിനങ്ങൾ, രാജ്ഞിയുടെ ​ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്കാര ചടങ്ങുകൾ ഓരോ ദിവസങ്ങളിലായിട്ടാണ് നടക്കുക. മരിച്ച ദിവസം മുതലായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണവാർത്ത പുറത്തു വന്നത് എന്നതിനാൽ ഇന്നു മുതലാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുക. ഡി – ഡേ/ ഡി -0 എന്ന കോഡിലാണ് മരണ ദിവസം അറിയപ്പെടുന്നത്.

മരണം സ്ഥിരീകരിച്ച ഉടൻ ‘ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ എന്ന കോഡിലാണ് ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുന്നത്. ഇതോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ബ്രിട്ടനിലെ എല്ലായിടത്തും പതാകകൾ താഴ്ത്തിക്കെട്ടണം. ബെക്കിങ്ഹാം പാലസിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പും നൽകും. യു.കെയുടെ ഔദ്യോഗിക മാധ്യമമായ ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) വിവരങ്ങൾ പുറത്തുവിടും. ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്തും മരണവിവരം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രദർശിപ്പിക്കും. അതേസമയം, എത്ര ദിവസം ദുഃഖാചരണമായി ദിനമായി ആചരിക്കണം എന്നത് സംബന്ധിച്ച് ബെക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് വരുന്നതേയുള്ളു.

1960 മുതലാണ് ഇത്തരത്തിൽ നീണ്ട സംസ്കാര ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കുന്നത്. എല്ലാ വർഷവും സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായുള്ള മുഴുവൻ പദ്ധതികളും ബെക്കിങ്ഹാം കൊട്ടാരമാണ് സ്ഥിരീകരിക്കുന്നത്. മരിച്ചു കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞായിരിക്കും കൊട്ടാരത്തിൽനിന്നു ​ഭൗതികശരീരം വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിക്കുക. അനുശോചനം അറിയിച്ച ശേഷം ബ്രിട്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്റർ പള്ളിയിലെ ഗ്രാൻഡ് ഹാളിൽവെച്ച് ​ഭൗതികശരീരം അടക്കം ചെയ്യും. വിൻഡ്സർ കോട്ടയിലാണ് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമനേയും ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും അടക്കം ചെയ്തിരിക്കുന്നത്.

1953-ൽ രാജ്ഞിയുടെ കിരീടധാരണം ഉൾപ്പെടെ ബ്രിട്ടനിലെ പല രാജാക്കന്മാരും രാജ്ഞിമാരും കിരീടധാരണം നടത്തിയ ചരിത്രപ്രസിദ്ധമായ പള്ളിയാണ് വെസ്റ്റ്മിൻസ്റ്റർ. 1947-ൽ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തതും ഈ പള്ളിയിൽ വെച്ചായിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച, മരത്തടികൾകൊണ്ട് മേൽക്കൂരയുള്ള രാജകീയ വീട്ടുപകരണങ്ങളാൽ അലംകൃതമായ വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ മധ്യത്തിലായിട്ടായിരിക്കും രാജ്ഞിയുടെ ശവമഞ്ചം വെക്കുക. സൈനിക അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരിക്കും ബെക്കിങ്ഹാമിൽ നിന്ന് രാജ്ഞിയുടെ മൃതദേഹം ഇവിടെ എത്തിക്കുക.

ബ്രിട്ടന്റെ റോയൽ സ്റ്റാൻഡേർഡ് പതാകയിൽ പൊതിഞ്ഞ ശവമഞ്ചത്തിൽ രാജകിരീടം, ചെങ്കോൽ, ഓർബ് എന്നിവയും ഉണ്ടാകും. ശവമഞ്ചം ഹാളിൽവെച്ച് കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

170 കാരറ്റോളം വരുന്ന ബ്ലാക്ക് പ്രിൻസസ് റൂബി, സെന്റ് എഡ്വേർഡ്സ് സഫയർ നീലക്കല്ല്, കുള്ളിനൻ വജ്രം പതിപ്പിച്ച രാജകിരീടം 92 സെന്റീ മീറ്റർ നീളം വരുന്ന സ്വർണ്ണ ചെങ്കോൽ, ക്രിസ്തീയ ലോകത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗ്ലോബ് (ഓർബ്) തുടങ്ങിയവയാണ് കിരീടത്തോടൊപ്പം തന്നെ ശവമഞ്ചത്തിൽ സ്ഥാപിക്കും.

ശവസംസ്കാര ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്മിൻസ്റ്റർ പള്ളിക്കകത്തുള്ള സെന്റ് ജോർജ് ചാപ്പലിലേക്ക് ശവമഞ്ചം കൊണ്ടു പോകും. കൂടെ രാജകുടുംബങ്ങൾ അനുഗമിക്കും. രാജകുടുംബങ്ങളുടെ വിവാഹവും സംസ്കാരങ്ങളും നടക്കുന്നത് ഈ പള്ളിയിൽവെച്ചാണ്. രാജ്ഞിയുടെ ഭർത്താവിന്റെ സംസ്കാരവും ഹാരിയുടേയും മേഗന്റേയും വിവാഹവും കഴിഞ്ഞത് ഇതേയിടത്ത് തന്നെയാണ്.

രാജകുടുബത്തിന്റേയും അതിഥികളുടേയും ഇടയിൽ കൂടി അൾത്താരയിൽ എത്തിക്കുന്ന ശവഞ്ചം ഒടുവിൽ സെന്റ് ജോർജ് ചാപ്പലിനുള്ളിലെ രാജാക്കന്മാരെ അടക്കം ചെയ്യുന്ന കല്ലറയിലെത്തിക്കും.

മരണവിവരമറിഞ്ഞ് ബൽമോറയിൽ എത്തിയ ചാൾസ് രാജാവും രാജ്ഞിയും കഴിഞ്ഞ ദിവസം രാത്രി അവിടെ തങ്ങിയിരുന്നു. ഇന്ന് തിരിച്ച് ലണ്ടനിലെത്തുന്ന രാജാവ് അധികാരമേറ്റെടുക്കും. ലണ്ടൻ പ്രധാനമന്ത്രി ലിസ് ട്രസും പരിപാടിയിൽ പങ്കെടുത്തേക്കും. തുടർന്ന് ചാൾസ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനായി രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഏൾ മാർഷലുമായി ചർച്ച നടത്തും. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിടും. ആരൊക്കെ പങ്കെടുക്കണം, എത്ര നേരം നീളുന്ന സംസ്കാരചടങ്ങുകളാണ് വേണ്ടത്, എന്തൊക്കെ രാജകീയ വീട്ടുപകരണങ്ങളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ രാജാവ് തീരുമാനിക്കും. രാജ്യത്ത് എത്ര ദിവസം ദുഃഖാചരണമായി ആചരിക്കണമെന്ന കാര്യം സർക്കാർ തീരുമാനിക്കും. സംസ്കാരദിവസം ദേശീയ അവധിയായിരിക്കും.