ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ കോവിഡിന്റെ ആദ്യ തരംഗം തീവ്രമാകാൻ കാരണം ആശുപത്രികൾക്കുള്ളിലെ രോഗവ്യാപനമെന്ന് വിശകലന റിപ്പോർട്ട്. കോവിഡ് ഉള്ള ആശുപത്രിയിൽ 10 ൽ ഒന്നിൽ കൂടുതൽ ആളുകൾ യഥാർത്ഥത്തിൽ അവിടെയുണ്ടായിരുന്നപ്പോൾ വൈറസ് ബാധിതരായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒൻപത് യുകെ സർവകലാശാലകൾ ചേർന്ന് നടത്തിയ പഠനം ലാൻസെറ്റിലാണ് പ്രസിദ്ധീകരിച്ചത്. ആദ്യ തരംഗത്തിൽ രോഗബാധിതരായ മൂന്നിൽ രണ്ട് വിഭാഗം ആളുകളുടെയും ആശുപത്രി വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവന്നത്. 5,700 മുതൽ 11,900 വരെ ആളുകൾ ആശുപത്രിയിൽ വച്ചു രോഗബാധിതരായാതായി അവർ കണക്കാക്കുന്നു.
“ആരോഗ്യ പ്രശ്നവുമായി ആശുപത്രിയിലെത്തിയ ആളുകൾ കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുണ്ട്.” ലിവർപൂൾ സർവകലാശാലയിലെ ഗവേഷകരിൽ ഒരാളായ പ്രൊഫ. കാലം സെമ്പിൾ വെളിപ്പെടുത്തി. രോഗവ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പിപിഇ കിറ്റ്, പരിശോധന, ആശുപത്രികളുടെ രൂപകൽപ്പന അടക്കം ധാരാളം വെല്ലുവിളികൾ നിലനിന്നിരുന്നു. സ്പെഷ്യലിസ്റ്റ് റെസിഡൻഷ്യൽ ആശുപത്രികൾക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. മാനസികാരോഗ്യ ആശുപത്രികളിലെ കോവിഡ് കേസുകളിൽ ഭൂരിഭാഗം പേരിലും കോവിഡ് പടർന്നുപിടിച്ചത് അവിടെ നിന്നാണ്.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ആദ്യ തരംഗത്തിൽ ആശുപത്രിയിൽ വച്ച് പിടിപെട്ട കേസുകളുടെ ശരാശരി അനുപാതം 11% ആയിരുന്നു. എന്നാൽ അത് ഇപ്പോൾ 2-5% ആണ്. ആദ്യ തരംഗത്തിന്റെ സമയത്ത് ആശുപത്രികളിലെ ഈ ഉയർന്ന പകർച്ചാ നിരക്കിന്റെ അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കുന്നതുവഴി നമ്മുടെ രോഗികളുടെ സുരക്ഷയും ഫലങ്ങളും മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഡോ. ഡോഹെർട്ടി അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആശുപത്രികളിൽ കോവിഡ് വ്യാപനം കുറവാണെന്ന് തെളിഞ്ഞതായി എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ വക്താവ് പറഞ്ഞു.
Leave a Reply