ഡോ.ഉഷാറാണി .പി.
നീയെൻ്റെ പ്രണയിനി
അറിയാത്ത പ്രണയിനി
അതിരുള്ള പ്രണയിനി.
അരുതിൻ്റെ ലോകത്തിൽ
ആത്മാനുരാഗമൊരപരാധമത്രേ.
അറിയാതെ പ്രണയിച്ചതുമപരാധം
പറയാതെ പറഞ്ഞു,പരിഭവിച്ചു
നീയുരുകുമ്പോൾ ഞാനലിഞ്ഞു.
ഇന്നു ഞാൻ നിൻ്റെ അരികിലാണ്.
നിൻ്റെ വാക്കുകൾ കേൾക്കുന്നു,
നൊമ്പരമറിയുന്നു,
നിന്നിൽ ഞാൻ പ്രീതനാവുന്നു.
ഒടുവിൽ എന്നെ നീ അറിഞ്ഞതും
എന്നെത്തിരഞ്ഞു മിഴികളനന്തതയിൽ തൊടുത്തതും
പിന്നെയവ ഒഴുകിപ്പരന്നതും
അമർത്തിയ ഗദ്ഗദവും ഞാൻ കണ്ടറിഞ്ഞു
എൻ്റെ വിരലുകളിൽ നിൻ്റെ കണ്ണുനീർ
ഞാൻ പകർന്നു.
സുകൃതക്ഷയം,
എനിക്കു വിരലുകളില്ല…
പ്രിയേ ഞാനാത്മാവു മാത്രം.
എനിക്കു ദേഹമില്ല,
നിന്നെത്തൊടാൻ വിരലുകളില്ല,
തലോടാൻ കരങ്ങളില്ല,
അണയാനില്ല കാലുകളും
പാരതന്ത്ര്യമോ പ്രണയമെന്നും?
പ്രാണൻ പറിച്ചു ഞാൻ പ്രണയിച്ചതേയുള്ളൂ
പ്രാണൻ വെടിഞ്ഞകന്നതിനു ശേഷവും
തേടിയതു നിന്നെ മാത്രം
നേടിയതന്നു ഞാൻ
കനവുറങ്ങാത്ത മിഴി നോട്ടം
നേടിയതിന്നു ഞാൻ
കണ്ണീരുണങ്ങാത്ത മിഴി നോട്ടം
കരയാതെ സഖീ…
കരയുവാൻ പോലുമാകാത്തവൻ ഞാൻ
അല്ലെങ്കിലൊരു കരച്ചിലല്ല ജീവിതം
കാത്തിരിപ്പാണ് ജീവിതം.
ഇന്നില്ലാത്തവ നാളെയെന്നും
നാളെയില്ലെങ്കിലടുത്ത ജന്മമെന്നും,
ജന്മമില്ലാത്ത ഞാനെന്തു ചെയ്യാൻ.
എങ്കിലും ജനിക്കാം,
നിന്നെ പ്രണയ പുഷ്പങ്ങൾ ചൂടിക്കാം,
എനിക്കും നിനക്കുമിടയിൽ
പറയാതെ പോയവ പറയാം
പകൽ സ്വപ്നങ്ങളിൽ രമിക്കാം
ഇതെൻ്റെ ആത്മ നിവേദനം.
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
Leave a Reply