മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സിനിമാതാരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യ അകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
‘സാമൂഹ്യ അകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…’- എന്നാണ് കോൺഗ്രസ് നേതാവ് കുറിച്ചത്.
കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാർത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്. മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങി വരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ, കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.
Leave a Reply