ന്യൂസ് ഡെസ്ക് മലയാളം യുകെ
കാബൂൾ : കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. അഫ്ഗാൻ വിടാനായി വിമാനത്താവളത്തിൽ കാത്തുനിന്നവരുടെ ഇടയിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 13 അമേരിക്കൻ സേനാംഗങ്ങൾ ഉൾപ്പെടുന്നു. 140 ലേറെ പേർക്ക് പരിക്കേറ്റു. 60ലേറെ അഫ്ഗാൻ സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കൽ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് വിമാനത്താവള കവാടമായ ആബി ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നിൽ ഐ. എസ് ആണെന്ന് താലിബാൻ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ. എസ് ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കണം – ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. നിങ്ങളെ വേട്ടയാടി പകരം വീട്ടും.” വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നും ബൈഡൻ അറിയിച്ചു. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ തിരക്കിനിടയിൽ ഭീകരാക്രമണം ഉണ്ടാകുമെന്നും ആളുകൾ എത്രയും വേഗം വിമാനത്താവളത്തിൽ നിന്ന് മടങ്ങി പോകണമെന്നും ബ്രിട്ടീഷ്, യു. എസ് മുന്നറിയിപ്പ് വന്നു മണിക്കൂറുകൾക്ക് ശേഷമാണ് ഇരട്ട സ്ഫോടനം നടന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് യുകെ തുടരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അടിയന്തിര യോഗത്തിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി, അവസാന നിമിഷം വരെ യുകെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാത്രി എംഒഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,146 വ്യക്തികളെ യുകെ ഇതുവരെ പുറത്തെത്തിച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കിയുള്ള റോക്കറ്റുകളോ വാഹനങ്ങളിൽ നിന്നുള്ള ബോംബുകളോ ഉൾപ്പെടെ ഐ. എസിന്റെ ആക്രമണങ്ങൾക്കായി ജാഗ്രത പുലർത്തുന്നതായി യുഎസ് കമാൻഡർമാർ പറഞ്ഞു.
Leave a Reply