ഷിബു മാത്യൂ
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എന്‍എച്ച്എസിനായി ഫണ്ട് ശേഖരണം നടത്തി ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ലിങ്കണ്‍ഷയറിലെ സ്‌കന്‍തോര്‍പ്പിലുള്ള നവാഗതരായ മലയാളി നഴ്‌സുമാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രണ്ടു ബാച്ചുകളായി എത്തിയ ഇവര്‍ നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന സമയത്താണ് എന്‍എച്ച്എസില്‍ സേവനത്തിനായി ഇവര്‍ എത്തിച്ചേര്‍ന്നത്. യുകെയില്‍ എത്തി ക്വാരന്റീനിനു ശേഷം OSCE എക്‌സാം എന്ന കടമ്പയും കടന്ന് രജിസ്റ്റേര്‍ഡ് നഴ്‌സുമാരായി സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് മലയാളി നഴ്‌സുമാര്‍ കാഴ്ചവയ്ക്കുന്നത്.

തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ വിന്ററിനു ശേഷം എത്തിയ ആദ്യ സമ്മറില്‍ത്തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുകയാണ് കേരളക്കരയുടെ അഭിമാനമായ നഴ്‌സുമാര്‍. സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിനായി നിര്‍മ്മിക്കുന്ന പുതിയ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ രോഗികള്‍ക്കാവശ്യമായ പൊതുസൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഫണ്ട് ശേഖരണം നടത്തുന്നതിനായി ട്രസ്റ്റിന്റെ ഔദ്യോഗിക ചാരിറ്റിയായ ദി ഹെല്‍ത്ത് ട്രീ ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്തിരുന്നു.

നവാഗതരായ നഴ്‌സുമാര്‍ ഫണ്ട് റെയിസിംഗിനായി ചാരിറ്റി ക്രിക്കറ്റ് ഡേ സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തയോട് ഏറെ സന്തോഷത്തോടെയാണ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രതികരിച്ചത്. ജീവിക്കുന്ന നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തുന്ന ഈ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും എന്‍ട്രി ഫീയിലൂടെയും സമാഹരിച്ച 750 പൗണ്ട് നഴ്‌സുമാരുടെ പ്രതിനിധികള്‍ ചാരിറ്റി ഫൗണ്ടേഷന് കൈമാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ