ബിനോയ് എം. ജെ.
സമകാലീന രാഷ്ട്രീയ സംവാദങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സോഷ്യലിസവും കമ്മ്യൂണിസവും. ഈ ആശയങ്ങൾ മാനവരാശിക്ക് പ്രത്യാശയുടെ പ്രകാശം പകർന്നു കൊടുക്കുന്നു. ദുഷിച്ച മുതലാളിത്ത വ്യവസ്ഥിതിക്ക് പുറത്തു കടക്കാനും അതുവഴി സ്വപ്നതുല്യമായ ഒരു ലോകത്തെ കെട്ടിപ്പടുക്കാനും നമുക്ക് കഴിയുമെന്ന് അവ നമ്മെ പഠിപ്പിക്കുകയും ഉത്ബോധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി നമ്മുടെ ഭാവനയ്ക്ക് ചിറകുകൾ മുളയ്ക്കുകയും നാം സ്വാതന്ത്ര്യത്തിന്റ അനന്തവിഹായുസ്സിലേയ്ക്ക് പറക്കുകയും ചെയ്യുന്നു .മാർക്സ് ഈ ആശയം അവതരിപ്പിച്ച് അധികം താമസിയാതെ തന്നെ റഷ്യയിൽ അത് പരീക്ഷിക്കപ്പെട്ടു. . അത് തുടക്കത്തിൽ വിജയിച്ചതും പിന്നീട് പരാജയപ്പെട്ടതും നമുക്ക് അറിവുള്ള കാര്യമാണ്. ഇത്തരത്തിൽ ഈ സങ്കല്പങ്ങളെ കുറിച്ച് ഒരു പുനർവിചിന്തനം നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നു.
മനുഷ്യസമൂഹത്തിന്റെ കെട്ടുറപ്പിനും ആരോഗ്യകരമായ നിലനിൽപ്പിനും അവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു ഗുണങ്ങളാണ് ‘സ്വാതന്ത്ര്യ’ വും’അച്ചടക്ക’വും. സ്വാതന്ത്ര്യം ഇല്ലാതെയുള്ള അച്ചടക്കവും അച്ചടക്കം ഇല്ലാതെയുള്ള സ്വാതന്ത്ര്യവും വർജ്ജ്യങ്ങളാണ്. വാസ്തവത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. ഒന്ന് ഉള്ളിടത്ത് മറ്റതും ഉണ്ടായിരിക്കും .സമകാലീന മുതലാളിത്ത വ്യവസ്ഥിതിയിൽ ഇത് രണ്ടും ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. കാരണം യഥാർത്ഥമായ സ്വാതന്ത്ര്യവും അച്ചടക്കവും നൈസർഗ്ഗികമാകണം. അവ നിയമത്താൽ ഉണ്ടാക്കിയെടുക്കുന്നത് ആവരുത് .മുതലാളിത്ത വ്യവസ്ഥ നിയമവാഴ്ച യിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണ്.
പ്രകൃതിയിലേയ്ക്ക് മടങ്ങുക കൃത്രിമത്വത്തെ ഉപേക്ഷിക്കുക -ഇതാണ് അത്യുന്നതമായ ഒരു സാമൂഹ്യ ഘടനയിലേക്ക് പ്രവേശിക്കുവാൻ നാം ചെയ്യേണ്ട കാര്യം. നിയമവാഴ്ച എല്ലാംകൊണ്ടും ദുഷിച്ചതാകുന്നു. നൈസർഗ്ഗികവും സ്വാഭാവികവും പ്രകൃതിയിൽ അധിഷ്ഠിതവുമായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ മുൻപ് സൂചിപ്പിച്ച രണ്ട് ഗുണങ്ങളും (സ്വാതന്ത്ര്യവും അച്ചടക്കവും) ഉൾച്ചേർന്നിരിക്കുന്നു . അവയെ കൃത്രിമമായി സൃഷ്ടിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ സാമൂഹിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഒരു പ്രകൃതം ഉണ്ട്; ഒരു രീതിയുണ്ട് . എങ്ങനെ വേണമെങ്കിലും ജീവിക്കുവാനുള്ള ഒരു സ്വാതന്ത്ര്യവും അവകാശവും അവസരവും അവനു കൊടുത്താലും അവൻ തോന്ന്യവാസം ജീവിക്കുക ഇല്ല .അവന്റെ ജീവിതത്തിൽ ചില പ്രകൃതിനിയമങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കും .അതിനാൽ തന്നെ പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ പ്രകൃതിജന്യമായ ഒരു അച്ചടക്കവും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇതാണ് ഉത്തമമായ സ്വാതന്ത്ര്യവും അച്ചടക്കവും. അവ മനുഷ്യനിർമ്മിത നിയമങ്ങളിലൂടെയും കൃത്രിമമായും കൊണ്ടുവരാവുന്നതല്ല.
സോഷ്യലിസം അച്ചടക്കത്തെ പ്രതിനിധീകരിക്കുമ്പോൾ, കമ്മ്യൂണിസം സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ തന്നെ അവ രണ്ടും ഒരുമിച്ച് സംഭവിക്കേണ്ടിയിരിക്കുന്നു. ‘സോഷ്യലിസത്തിലൂടെ കമ്മ്യൂണിസത്തിലേക്ക്’ എന്ന മാർക്സിന്റെ ആശയത്തിന് യുക്തി പോരാ .അതുകൊണ്ടുതന്നെ റഷ്യയിലും മറ്റും സോഷ്യലിസത്തിൽ, സ്വാതന്ത്ര്യം ഇല്ലാതെയുള്ള അച്ചടക്കം പരീക്ഷിക്കപ്പെടുകയും അതിനെ ജനങ്ങൾ വെറുക്കുകയും ചെയ്തു. അങ്ങനെ അത് പരാജയപ്പെട്ടു .അത് കേവലം മാർക്സിന്റെ പരാജയം ആകുന്നു. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പരാജയമല്ല. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അത് വിജയത്തിലേക്കുള്ള ചവിട്ടുപടി ആക്കുവാനും നമുക്ക് കഴിയണം. അനന്തമായ അച്ചടക്കവും സ്വാതന്ത്ര്യവുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി- അതാണ് നമുക്ക് വേണ്ടത്. അത് സാധ്യവുമാണ്. അതിന് ആദ്യമായി പ്രകൃതിയിലേക്ക് മടങ്ങുവാനുള്ള ചങ്കൂറ്റം കാണിക്കണം. മനുഷ്യനിർമ്മിത നിയമങ്ങളെ കുറേശ്ശെ കുറേശ്ശെയായി എടുത്തുകളയുക. കൃത്രിമത്വം തിരോഭവിക്കുന്നിടത്ത് പ്രകൃതി പ്രവർത്തിച്ചു തുടങ്ങുന്നു. മനുഷ്യൻ പ്രകൃതിയിൽ ആയിരിക്കുമ്പോൾ സ്വാതന്ത്ര്യവും അച്ചടക്കവും സ്വയമേവ വന്നു ചേരുന്നു.
Leave a Reply