ചെന്നൈ: സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ എ.ഐ.എ.ഡി.എം.കെ, പിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചു. അതേസമയം ബില്ലിനെതിരേ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, നിയമസഭായോഗം ബഹിഷ്‌കരിച്ചു.

സംസ്ഥാനത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍, ഡെന്റിസ്ട്രി, ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. റിട്ട.ജഡ്ജി എ.കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയില്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എംബിബിഎസ്, ഉന്നത മെഡിക്കല്‍ പഠനങ്ങള്‍ എന്നിവയിലെ സാമൂഹിക പ്രാതിനിധ്യത്തെ നീറ്റ് അട്ടിമറിച്ചുവെന്നും പിന്നോക്കം നില്‍ക്കുന്ന സാമൂഹികവിഭാഗങ്ങളുടെ പഠന സ്വപ്‌നങ്ങളെ നീറ്റ് സംവിധാനം തടയുന്നുവെന്ന് എ.കെ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇന്നലെ ധനുഷ് എന്ന വിദ്യാര്‍ഥിയുടെ മരണവിവരമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു.