‘സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക…15 ആണോ…’ ഇത് പോലീസ് ഉദ്യോഗസ്ഥരോട് ശാഖാകുമാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അരുണിന്റെ ചോദ്യമാണ്. തനിക്ക് 15 വര്‍ഷം കിട്ടുമോ എന്ന രീതിയില്‍ വര്‍ഷ കണക്കാണ് ആരാഞ്ഞിരിക്കുന്നത്. കുറ്റസമ്മതം നടത്തിയ ശേഷമാണ് അരുണിന്റെ ചോദ്യം.

അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആള്‍ക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കള്‍ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ത്തന്നെ അരുണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നും അരുണ്‍ വെളിപ്പെടുത്തി.

പിന്നീട് ഇഷ്ടപ്പെട്ടു. വിവാഹത്തിനും സമ്മതിച്ചു. വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടുപോയെന്നും എങ്ങനെയും ശാഖയെ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അരുണിന്റെ മൊഴിയില്‍ പറയുന്നു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ വൈദ്യുതാലങ്കാരത്തില്‍ നിന്നു ഷോക്കേറ്റെന്നു മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നും, പിടിവലിക്കിടയില്‍ നഖം കൊണ്ട് അരുണിന് പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ശാഖാകുമാരിയെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.