രാധാകൃഷ്ണൻ മാഞ്ഞൂർ
“ജീവിച്ചതല്ല ജീവിതം.
നാം ഓർമ്മയിൽ വെക്കുന്നതാണ്
പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി
നാം ഓർമയിൽ വെയ്ക്കുന്നത് ……”
– ഗബ്രിയേൽ ഗാർസിയോ മാർക്കോസ്
1990 ജൂലൈ മാസത്തിലെ ഞായറാഴ്ച പകലാണ് അപ്പൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടിൽ വന്നത്. അച്ഛൻ അമ്മയോട് പറയുന്നു “അവനെയും കൂടി കാഞ്ഞിരപ്പള്ളിക്ക് കൊണ്ടുപോവുന്നു . പണി പഠിക്കട്ടെ . എനിക്ക് ഒറ്റയ്ക്ക് വയ്യ. ഇരുമ്പിന് ചതച്ച് ഞാൻ മടുത്തു …..”
അച്ഛന് പ്രായമായി വരുന്നു…. പ്രാരാബ്ധങ്ങളുടെ വേവലാതി പുഴകൾ നിരവധി ……ഞാനൊന്നും മിണ്ടാതെ മുറിക്ക് വെളിയിൽ നിന്നു.
” പഠിക്കാൻ വിട്ടിട്ടും ഇവനൊന്നും കേമനായിട്ടില്ല…… പിന്നെന്തിനു വെറുതെ …..
അച്ഛൻറെ വിലയിരുത്തൽ ശരിയായിരുന്നു.
ശരാശരിയിലും താഴെയായിരുന്നു എൻറെ പഠന കാല ബുദ്ധി. പഠിയ്ക്കാനാണെന്ന് പറഞ്ഞ് വെറുതെ വേഷവും ചാർത്തിയങ്ങു പോയി ……
പ്രാണൻ പകുത്തു വച്ച് കാഞ്ഞിരപ്പള്ളി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. മൂന്നുമാസത്തിനുള്ളിൽ മതിയെന്ന് അമ്മ. അതൊരു ആശ്വാസമായി….
അന്ന് വൈകുന്നേരം നേരത്തെ ഗ്രാമീണ വായനശാലയിൽ ചെന്നു . ( സെൻട്രൽ ലൈബ്രറി ) ഈ വായനശാല നൽകിയ ഊർജ്ജം ഒരിക്കലും മറക്കാനാവില്ല . ഇവിടുത്തെ അക്ഷര സൗഹൃദം , രാഷ്ട്രീയ സംവാദങ്ങൾ , ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങൾ ….. എല്ലാം ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിക്ക് പോവണമെന്നോർക്കുമ്പോൾ ആകെയൊരു വിഷമം …. കാരണം ഗ്രാമം അത്രയേറെ ഉള്ളിൽ പരകായപ്രവേശം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു .
മാഞ്ഞൂർ വളരെ ശാന്തമായ ഗ്രാമമാണ് . ജാതിമത ചിന്തകൾക്കതീതമായി എന്നും നിലകൊള്ളുന്ന ഒരിടം . തികച്ചും സാധാരണക്കാരായ മനുഷ്യർ . അവർ വയലിലെ ഇരിപ്പൂ കൃഷിയെപ്പറ്റിയും , തിരുവാതിര ഞാറ്റുവേലയെക്കുറിച്ചുമൊക്കെ ചർച്ചചെയ്തു , അല്ലാതെ കേന്ദ്രത്തിലെ കൂട്ടുകൃഷി മന്ത്രിസഭയോ ആഗോളവത്ക്കരണ നയങ്ങളോ ഞങ്ങളുടെ ഗ്രാമീണ ജീവിതത്തിന് ചർച്ചയായിരുന്നില്ല.
ചൊവ്വാഴ്ചകളിലെയും , വെള്ളിയാഴ്ചകളിലെയും നാട്ടു ചന്തയിൽ (കുറുപ്പന്തറയിൽ ) വാട്ടുകപ്പയും , വെള്ളുകപ്പയും , ഏത്തവാഴക്കുലയുമൊക്കെ കൊടുത്ത് ജീവിതത്തെ അതിൻറെ സജീവതയിൽ നിർത്താൻ ഓരോരുത്തരും പാടുപെട്ടു .
( ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു . ഗ്രാമം NRI സംസ്ക്കാരത്തിലേക്ക് മാറിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകൾ , ബാർ ഹോട്ടലുകൾ അങ്ങനെ നിരവധി വാണിജ്യ കേന്ദ്രങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു . )
ബാല്യകാലം മുതൽ നാണം കുണുങ്ങിയും അപകർഷതാബോധക്കാരനുമായിരുന്നു ഞാൻ . വായനശാലയുടെ സായാഹ്ന ചർച്ചകളിൽ നിന്നാവാം സ്വഭാവം അൽപ്പമൊന്നു മാറിത്തുടങ്ങിയത് .
മുട്ടത്ത് വർക്കിയും കോട്ടയം പുഷ്പനാഥുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. പുഷ്പനാഥിന്റെ ‘ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരം’ വായിച്ച ദിവസങ്ങളിൽ വായനശാലയിൽ നിന്നും വൈകിട്ട് മടങ്ങുമ്പോൾ പേടിച്ച് നൂറു മീറ്ററോട്ടത്തിലാണ് വീട്ടിലെത്തിയത് . അത്രയേറെ ഭീരുത്വം എന്നെ ഭരിച്ചിരുന്നു . (കാലങ്ങൾക്ക് ശേഷം പുഷ്പനാഥ് സാറിനെ നേരിൽ കണ്ടപ്പോൾ വിവരം പറഞ്ഞ് കുറെ ചിരിച്ചു . )
1984 – ൽ കുറവിലങ്ങാട് ദേവമാതാ കോളജിന്റെ ക്യാമ്പസ് ലൈബ്രറിയിൽ നിന്നാണ് കോവിലൻ , എം . ടി , ബഷീർ , നെരുദ , മാധവിക്കുട്ടി, ദസ്തയോവ്സികിയൊക്കെ പരിചിതരായത്.
കസാൻ ദ് സക്കീസ് എന്ന വിഖ്യാത എഴുത്തുകാരൻ സെയ്ന്റ് ഫ്രാൻസിസ് നോവലിൽ എഴുതിയത് ഓർമയിലുണ്ട് – വേദനയെ അതിന്റെ അഗാധതയിൽ അറിയാത്ത ഒരാൾക്കും ജീവിതത്തെ സമഗ്രമായി അറിയാനാവില്ലന്നുള്ള വാക്യം ….
ഉള്ളു പൊള്ളി വീഴുന്ന ഈ വാചകങ്ങളുടെ പിൻബലത്തിൽ ജീവിതത്തെ ചേർത്തുവയ്ക്കുന്നു .
1985 -ൽ ദീപിക ആഴ്ചപ്പതിപ്പിലാണ് ആദ്യകഥ അച്ചടിച്ചുവന്നത്. ദീപിക സൺഡേ സപ്ലിമെന്റിന്റെ എഡിറ്റർ ഇൻ ചാർജായിരുന്ന ഫാദർ. ജോൺ ഒപ്പിട്ട് അയച്ചുതന്ന 60 രൂപയുടെ മണിയോഡറാണ് ആദ്യ പ്രതിഫലം . ആ മണിയോർഡറിന്റെ കൗണ്ടർ ഫോയിൽ ഇന്നും ഡയറി യ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
തിങ്കളാഴ്ചകളിലെ മണിയോർഡറുകൾ
അപ്പൻ കാഞ്ഞിരപ്പള്ളിയിലെ ആലയിൽ രാവും പകലും കഷ്ടപ്പെട്ടു .
അപ്പനെപ്പറ്റി ഓർക്കുമ്പോഴൊക്കെ തിങ്കളാഴ്ചകളിൽ വരുന്ന മണിയോർഡറുകളെ ഓർമ്മ വരും …… ഒരു മനുഷ്യായുസ്സ് മുഴുവൻ കുടുംബം പോറ്റാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും …..
ഓണം , വിഷു , ക്രിസ്മസ് അങ്ങനെ വിശേഷദിവസങ്ങളിൽ മാത്രം വീട്ടിലേക്ക് വന്നു.
വിഷുവിന് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന ദിവസം ഞാൻ സന്തോഷത്തോടെ കാത്തിരിക്കും .
അച്ഛനും വല്യച്ചനും കോതനല്ലൂരെ ഷാപ്പിൽ നിന്നും കഴിച്ച തെങ്ങിൻ കള്ളിന്റെ പിൻബലത്തിലാവും വരുന്നത്. ഷാപ്പിനരുകിലെ ചായക്കടയിൽ നിന്നും വാങ്ങിയ ചൂടൻ ബോണ്ട തോർത്തിൽ പൊതിഞ്ഞ് തോളത്തിട്ടാണ് രണ്ടാളും വരുന്നത് …… അതൊരു രസകരമായ കാഴ്ചയാണ് …….
കാഞ്ഞിരപ്പള്ളി ആലയിലെ കഷ്ടപ്പാട് പിടിച്ച ദിവസങ്ങളെ ഈ നിമിഷങ്ങളിൽ രണ്ടാളും തേച്ചുമായ്ച്ചു കളയും.
(കുലത്തൊഴിലു കൊണ്ട് അന്നമൂട്ടിയ കാർന്നോൻന്മാർ ……അവർ ഒരു പരാതിയും പരിഭവവുമില്ലാതെ ചക്കിനു ചുറ്റും തിരിയാൻ വിധിയ്ക്കപ്പെട്ട ചക്കുകാളയുടെ നിയോഗവുമായ് ജീവിതം പൂർത്തീകരിച്ച് കടന്നുപോയി….)
അച്ചന്റെ കൈയ്യിലിരിക്കുന്ന വലിയ കൂടിനുള്ളിലാണ് ശംഖു മാർക്ക് കൈലിയും തെറുപ്പ് ബീഡിയുമൊക്കെ വച്ചിരിക്കുന്നത് . ഈ ശംഖു മാർക്ക് കൈലിയുടെ ഗോൾഡൻ കളർ സ്റ്റിക്കറാണ് എൻറെ കൗതുകം . ചേച്ചിമാർ പറിച്ചെടുത്ത സ്റ്റിക്കർ കൂടി ഞാൻ സ്വന്തമാക്കിയിരുന്നു . തീപ്പെട്ടിപ്പടങ്ങളുടെ പടങ്ങളുടെ ശേഖരത്തിലേക്ക് ശംഖു മാർക്ക് സ്റ്റിക്കർ എടുത്തു വയ്ക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു .
അമ്മ അച്ഛനോട് പറമ്പിൽ ചെയ്യേണ്ട പണികളെപ്പറ്റി പറയുന്നത് കേൾക്കാം . യോഹന്നാൻ മൂപ്പനെ വിളിച്ച് പറമ്പ് ഇട കിളപ്പിക്കണം , ചേനയും , ചേമ്പുമൊക്കെ കൃഷി ചെയ്യണം …..
കാരിരുമ്പിന്റെ തട്ടകം
ഒടുവിൽ കാഞ്ഞിരപ്പള്ളിയിലേക്ക് പറിച്ചു നടപ്പെട്ടു . 1990 -ൽ . അവിടെ ജീവിതത്തിന്റെ മറ്റൊരു കളരിയാണ് കാത്തു വച്ചിരുന്നത്. കാരിരുമ്പിന്റെ മനസ്സുമായി പുതിയ തട്ടകം ….. ഇരുമ്പുപണിക്കാരന്റെ മകനാണെന്ന് പറയാൻ പോലും വിമുഖത കാട്ടിയിരുന്ന ഒരുവനെ എത്ര കൃത്യമായി അവിടെ തന്നെയെത്തിച്ചുവെന്ന് ഓർക്കാറുണ്ട് ……
ആലയിൽ പണി പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി . ഹാർട്ട് പേഷ്യന്റായി മാറിയ അച്ഛനു പിറകിൽ ഒരു നിഴലായി ഞാൻ കഴിഞ്ഞു.
പലപ്പോഴും ഞാനൊരു സ്വപ്ന ജീവിയെപ്പോലെ പെരുമാറി … അപകർഷതാബോധത്തിന്റെ വൻകരകളിൽ അലഞ്ഞുതിരിയുന്ന ജീപ്സിയായി…..
ആയിരം ഭൂതങ്ങൾ ഉള്ളിലിരുന്നുതുന്ന ഉല , കരി , മുട്ടികകൾ …… ക്ലാവ് പിടിച്ച ചിരിയുമായ് വരുന്ന ഇടപാടുകാർ . ….
ആലയിൽ വരുന്ന എല്ലാ മനുഷ്യർക്കും ഒരേ മുഖം ….. ഒരേ ഭാവം …..
കാഞ്ഞിരപ്പള്ളിയെന്ന റബർ അച്ഛായന്മാരുടെ നാട് എന്റെ എഴുത്തു ജീവിതത്തെ ഒരുപാട് പരുവപ്പെടുത്തി. ഇതിനിടയിലാണ് അച്ഛൻറെ മരണം . ഹാർട്ട് അറ്റായ്ക്ക് . സഹോദരിയുടെ വിവാഹത്തിന്റെ കടങ്ങൾ ചിട്ടിക്കാരൻമാർക്കുള്ള ബാധ്യതകൾ …. എല്ലാം തലയ്ക്കു മുകളിൽ അഗ്നിപർവ്വതമായി പുകഞ്ഞു.
പ്രാരാബ്ധങ്ങളുടെ തോരാമഴയിൽ ഒഴുക്കിനെതിരെ തുഴയാൻ ആരോ പ്രേരിപ്പിക്കുന്നു ……
തുടരും….
രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.
മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .
1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)
പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785
Leave a Reply