ചിറ്റില്ലഞ്ചേരി: മദ്യപിച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ പാട്ട രതീഷ് കുമാറാണ് (38) മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ ബാലകൃഷ്ണന്‍(67) സഹോദരന്‍ പ്രമോദ്(35) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

സ്വര്‍ണ്ണപ്പണിയ്ക്ക് പോകുന്ന രതീഷ് അടുത്ത കാലത്തായി പണിയ്ക്ക് പോകാതെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വീട്ടില്‍ എന്നും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് വീട്ടുകാര്‍ പറയുന്നു. മദ്യപാനം കൂടിയതിനെ തുടര്‍ന്ന് രതീഷിനെ പാലക്കാട് ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. ഒരു മാസത്തെ ചികിത്സക്കിടെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മേലാര്‍കോട് പഞ്ചായത്തിലെ കരുതല്‍ വാസ കേന്ദ്രത്തിലേക്ക് രതീഷിനെ മാറ്റിയിരുന്നു. ഇവിടെയും മറ്റുള്ളവരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ചിറ്റില്ലഞ്ചേരി കോഴിപ്പാടത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടോടെയാണ് രതീഷ് വീട്ടിലേക്ക് മടങ്ങിവന്നത്. മദ്യപിച്ചെത്തിയ രതീഷ് ലഹരി വിമുക്ത കേന്ദ്രത്തിലാക്കിയതിനെ ചൊല്ലി അച്ഛനോടും, സഹോദരനോടും വഴക്കിടുകയും അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അച്ഛന്‍ നടക്കാന്‍ ഉപയോഗിക്കുന്ന വടികൊണ്ട് തല്ലിയെങ്കിലും വീണ്ടു അച്ചനെ മര്‍ദ്ദിക്കാനൊരുങ്ങിയപ്പോള്‍ സഹോദരന്‍ പ്രമോദ് രതീഷിനെ വടികൊണ്ട് അടിക്കുകയായിരിന്നുവെന്ന് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലയ്ക്ക് അടിയേറ്റ രതീഷ് നിലത്തു വീണു. എന്നും വഴക്കുണ്ടാകുന്നതിനാല്‍ സമീപവാസികളാരും ശ്രദ്ധിച്ചില്ല. പിന്നീട് ചേരാമംഗലത്തുളള സഹോദരിയെ വിളിച്ചുവരുത്തി സമീപവാസികളും ചേര്‍ന്ന് ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, ആലത്തൂര്‍ എസി.ഐ. റിയാസ് ചാക്കേരി, എസ്.ഐ. ജിഷ് മോന്‍ വര്‍ഗീസ് എന്നിവര്‍ പരിശോധന നടത്തി.