ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഓക്കസ് ഉടമ്പടിയെ തുടർന്ന് അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാൻസ്. ബ്രിട്ടനിലെ അംബാസിഡറെ എന്തുകൊണ്ടാണ് തിരിച്ചു വിളിക്കാത്തതെന്ന ചോദ്യത്തിന് ഫ്രഞ്ച് വക്താവ് മറുപടി നൽകി. “റെസ്റ്റോറന്റിലെ മോശം ഭക്ഷണത്തെപ്പറ്റി മാനേജരോടും ഷെഫിനോടുമാണ് പരാതി പറയേണ്ടത്. ജോലിക്കാരനോടല്ല” എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ബ്രിട്ടൻ, അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമ്മിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതിനെ തുടർന്നാണ് ഫ്രാൻസ് ഈ നടപടി സ്വീകരിച്ചത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് കഴിഞ്ഞാഴ്ച നടത്തിയ പ്രസ്താവനകളാണ് തീരുമാനത്തിന് കാരണമായതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്, യുകെ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരായ ഫ്ലോറൻസ് പാർലിയും ബെൻ വാലസും തമ്മിലുള്ള കൂടിക്കാഴ്ച ഫ്രാൻസ് അവസാനിപ്പിച്ചു. എന്നാൽ കൂടിക്കാഴ്ച റദ്ദാക്കുന്നതിനുപകരം മാറ്റിവച്ചതായും ഫ്രാങ്കോ-ബ്രിട്ടീഷ് സൈനിക സഹകരണം തുടരുമെന്നും പറയപ്പെടുന്നു. ഫ്രാൻസിനോടുള്ള ഞങ്ങളുടെ സ്നേഹം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഓക്കസിൽആരും വിഷമിക്കേണ്ട കാര്യമല്ലെന്നും ബോറിസ് ജോൺസൻ വ്യക്തമാക്കി. 2016ൽ ഓസ്ട്രേലിയയുമായി ഉണ്ടാക്കിയ 90 ബില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ കരാർ പിൻവലിച്ചതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്.
അമേരിക്ക, ബ്രിട്ടൻ എന്നിവരിൽ നിന്ന് ആണവ ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാർ പിൻവലിച്ചത് നിരാശാജനകമാണെന്ന് ഫ്രാൻസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ്, ഓസ്ട്രേലിയൻ വിദേശകാര്യ , പ്രതിരോധ മന്ത്രിമാർ അന്തർവാഹിനി കരാർ മുന്നോട്ട് പോകുന്നുവെന്ന് സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് യാഥാർഥ്യമാകാതെ വന്നതോടെയാണ് ശക്തമായ നടപടി ഫ്രാൻസ് സ്വീകരിച്ചത്. ജോ ബൈഡൻ, ബോറിസ് ജോൺസൺ, സ്കോട്ട് മോറിസൺ എന്നിവർ ചേർന്ന് കരാർ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഫ്രഞ്ച് സർക്കാർ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഓസ്ട്രേലിയയുമായുള്ള വ്യാപാര ചർച്ചകളാണ് ഇനി ഫ്രഞ്ച് പ്രതികാരത്തിനുള്ള മാർഗം. പതിനൊന്ന് റൗണ്ട് ചർച്ചകൾ ഇതിനകം നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യ മന്ത്രി ക്ലെമന്റ് ബ്യൂൺ പ്രഖ്യാപിച്ചു.ഫ്രാൻസിന്റെ നിലപാട് ഖേദകരമാണെന്നാണ് അമേരിക്ക പ്രതികരിച്ചത്. ഫ്രാൻസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരീസ് പെയ്ൻ പ്രതികരിച്ചു.
Leave a Reply