ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലോസ്റ്റർ : ഗ്രീഷ്മത്തിലെ ഒഴിവു സമയത്ത് തൂമ്പാ എടുത്ത് മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്നത് തിരുവല്ലക്കാരായ ജയനും ഭാര്യ ഉഷയ്ക്കും ഒരാവേശമാണ്. രണ്ടുപേരും കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടു തന്നെ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയിൽ എങ്ങനെയാണവർ വെറുതെയിരിക്കുന്നത്? രണ്ടുമക്കളോടുമൊപ്പം ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജയനും ഉഷയ്ക്കും കൃഷിയെന്നത് ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. യുകെയിലെ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ മടിക്കുന്നതും വളരുവാൻ വിമുഖത കാണിക്കുന്നതുമായ നമ്മുടെ ചില നാടൻ പച്ചക്കറികൾ കഴിഞ്ഞ ആറുവർഷമായി ജയന്റെ തൊടിയിൽ തഴച്ചുവളരുന്നു.

ചിട്ടയായ പരിചരണവും, ജൈവവളപ്രയോഗവും കൂടിയാകുമ്പോൾ എല്ലാം വരുതിയിലായി തഴച്ചു വളരും, പൂവിടും, ഫലം തരും. എണ്ണയിട്ട യന്ത്രത്തെ പോലെ മണ്ണിന്റെ മാറ് കീറിയും കുത്തികുഴിച്ചും പച്ചക്കറിതൈകൾ നട്ടു വളർത്തുമ്പോൾ, ശരീരത്തിൽ നിന്നുതിർന്ന് മണ്ണിൽ വീണുടയുന്ന വിയർപ്പ് തുള്ളികൾക്ക് പ്രതിഫലമായി മുളകുചെടികൾ പൂത്തിരി കത്തിച്ചതുപോലെ കാന്താരി കുഞ്ഞുങ്ങളെ വിരിയിച്ച് വിതറുമ്പോൾ അവരുടെ മനം നിറയും. ചില മരം കേറികൾ പന്തലിന്റെ താങ്ങിലൂടെ പാമ്പിനെ പോലെ പുളഞ്ഞുകയറി പന്തലിൽ ഹരിതകമ്പളം തീർത്താടും. മഞ്ഞനിറത്തിൽ മിഴിതുറക്കുന്ന പാവൽ പൂക്കളിൽ തേനുണ്ണാൻ ചെറുകാറ്റിൽ ആടിയുലഞ്ഞെത്തുന്ന കുഞ്ഞൻ കറുമ്പികളുടെ തലോടലിൽ മേനിയിൽ നിലാവിന്റെ നിറമുള്ള കായ്കളെ വിരിയിച്ച് തലകീഴായി പന്തലിൽ തൂക്കി വളർത്തും അവർ. ദിവസങ്ങൾ കഴിയുന്തോറും പന്തലിൽ കായ്കളുടെ എണ്ണവും വണ്ണവും കൂടിക്കൊണ്ടിരുന്നു. നാളുകളായി ആഗ്രഹിച്ച് കാത്തിരുന്ന ഈ കാഴ്ചകണ്ട്‌ പാവം കൃഷിക്കാരന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് തെളിയും. മണ്ണിൽ പണിയെടുക്കുന്ന കുടുംബത്തിന് ആനന്ദം പകരുന്ന കാഴ്ച ഇതിൽ പരം മറ്റെന്താണ്!

മണ്ണിന്റെ ജീവൻ നിലനിർത്തി കൊണ്ട് പ്രകൃതിയോട് സൗഹൃദം കൂടി കൃഷിചെയ്താൽ ഇവിടെയും വിളവ് ഉറപ്പാണെന്ന് ജയൻ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “കൃഷി ആനന്ദമാണ്, അനുഗ്രഹമാണ്. കൃഷി ചെയ്യൂ !!! ആരോഗ്യം നിലനിർത്തൂ !!! പ്രകൃതിയെ സംരക്ഷിക്കൂ !!!” – ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയോടുള്ള ജയന്റെ ആത്മബന്ധമാണ്. തൊടിയിലേക്ക് നോക്കി നിൽക്കുന്ന ജയന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് പാവലും പച്ചമുളകും പടർന്നു പിടിച്ച പൂക്കളും പുഞ്ചിരി തൂകും.

ജയന്റെ കൃഷിരീതി

രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർപ്പിച്ച വിത്തുകൾ ഏപ്രിൽ പകുതിയോടെ കമ്പോസ്റ്റ് (seedsowing)- ൽ പാകി അകത്തു ജനൽ പടികളിൽ വെക്കും. മൂന്നാമത്തെ ഇലവിരിയുമ്പോൾ 3 ഇഞ്ച് പോട്ടിലേക്ക് മാറ്റി നടും. മെയ് അവസാനം പുറത്തു തടമെടുത്ത് അതിൽ എല്ലുപൊടിയും, ചാണകപ്പൊടിയും, കുറച്ചു മുട്ടത്തോട് പൊടിച്ചതും, ഉണങ്ങിയ പഴത്തൊലി ചെറുതായി മുറിച്ചതും കൂടി മണ്ണിൽ കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. വെള്ളം കൂടുതൽ ഒഴിക്കാതെ ദിവസത്തിൽ ഒരു പ്രാവശ്യം കുറച്ച് വെള്ളം ഒഴിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ ചുവട്ടിൽ നിന്നും അരയടി മാറ്റി വെള്ളം ഒഴിക്കുന്നത് കൊണ്ട് വേരുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു ചെടികൾക്ക് നല്ല കരുത്ത് കിട്ടും. വെള്ളം ഒഴിക്കുമ്പോൾ ചെടികളെ നിരീക്ഷിച്ചു രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തും. കുറച്ച് ഉള്ളിത്തൊലി മൂന്നാലു ദിവസ്സം ഒരു ലിറ്റർ വെള്ളത്തിലിട്ടിട്ട് അതിൽ ഒരുനുള്ള് മഞ്ഞളും അര സ്പൂൺ വാഷിംഗ്‌ ലിക്വിഡും പത്തുതുള്ളി വേപ്പെണ്ണയും ചേർത്ത് അരിച്ചെടുത്ത വെള്ളം ആഴ്ചയിൽ ഒരിക്കൽ ഇലകളുടെ അടിവശത്ത് സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം കുറയും‌. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി അതിൽ മീൻ കഴുകുന്ന വെള്ളവും ചേർത്ത് പത്തുദിവസം കൂടുമ്പോൾ ചെടിക്ക് ചുറ്റും ഒഴിക്കും. വല്ലപ്പോഴും ചെറുതായി മണ്ണ് ഇളക്കികൊടുക്കും.

അഭിമുഖം അവസാനിക്കുന്നതിന് മുമ്പ് ജയൻ ഒന്നുകൂടി പറഞ്ഞു. “വേനൽക്കാലത്ത് ഒരു മിനിറ്റുപോലും പാഴാക്കിക്കളയാൻ ഞങ്ങൾക്കില്ല. മക്കളും കൃഷിയിൽ കൂടെയുണ്ട്. ഈ മാസം അലോട്ട്മെന്റ് കിട്ടി. ഒരു മാസത്തിനകം അവിടം കിളച്ച് വൃത്തിയാക്കി കാണിക്കണം. അതിനു മക്കളും കൂടും. ഇത് കാണുമ്പോഴെങ്കിലും കുറച്ച് മലയാളികൾ അടുത്തവർഷം കൃഷി ചെയ്യുമല്ലോ എന്ന ഉദ്ദേശ്യമേയുള്ളു.” ഈ പ്രതീക്ഷയാണ് ജയനുള്ളത്. കൃഷിയെയും കുടുംബത്തെയും ചേർത്തുപിടിച്ച് ഈ തിരുവല്ലക്കാരന്റെ യാത്ര തുടരുന്നു.

 

യുകെയിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേരാണ് തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും കൃഷിയ്ക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. നിങ്ങളുടെ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയാളം യുകെയിൽ അവസരമൊരുക്കുന്നു. വാട്സ്ആപ്പ് നമ്പർ ചെറുവിവരണം അടക്കം [email protected] എന്ന ഇമെയിലിൽ അയക്കാം .