ന്യൂസ് ഡെസ്ക് മലയാളം യുകെ

സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഈ മാസവസാനവും അടുത്തവർഷം ആദ്യവും വീണ്ടും സമരം പ്രഖ്യാപിച്ചു. ഡിസംബർ 20 ബുധനാഴ്ച രാവിലെ 7 മുതൽ ഡിസംബർ 23 ശനിയാഴ്ച രാവിലെ 7 മണി വരെയാണ് ആദ്യ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തവർഷം ജനുവരി 3 ബുധനാഴ്ച രാവിലെ 7 മുതൽ ജനുവരി 9 ചൊവ്വാഴ്ച രാവിലെ 7 വരെയാണ് പണിമുടക്കിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.


ഡിസംബറിൽ മൂന്നു ദിവസവും അടുത്തവർഷം ജനുവരിയിൽ 6 ദിവസവുമായി നടക്കുന്ന പണിമുടക്ക് എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പണിമുടക്ക് ദിവസങ്ങളിലെ ഒരു ഷിഫ്റ്റിലും പങ്കെടുക്കരുതെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പള തർക്കം പരിഹരിക്കുന്നതിന് മന്ത്രിമാരും യൂണിയൻ പ്രതിനിധികളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരാജയം ആയിരുന്നു ഫലം . അഞ്ചാഴ്ചത്തെ ചർച്ചകൾക്ക് ഒടുവിൽ തങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒരു ശമ്പള ഓഫർ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണ് തങ്ങൾ പണിമുടക്കാൻ നിർബന്ധിതരായിരിക്കുന്നതെന്ന് ബി എം എ ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു.


പണിമുടക്കിന് മുൻപ് തങ്ങൾക്ക് കൂടി അംഗീകരിക്കാൻ പറ്റുന്ന ഒരു ഓഫർ നൽകുകയാണെങ്കിൽ സമരത്തിൽ നിന്ന് പിന്മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടും ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത് നിരാശജനകമാണെന്നാണ് സമര പ്രഖ്യാപനത്തോട് ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള റിഷി സുനക് സർക്കാരിൻറെ നീക്കങ്ങൾ പരാജയപ്പെട്ടതിന് പണിമുടക്കുകളെ പഴിചാരാൻ ഹെൽത്ത് സെക്രട്ടറി ശ്രമിച്ചത്തിന്റെ പിന്നാലെയാണ് പുതിയ പണിമുടക്കുമായി ജൂനിയർ ഡോക്ടർമാർ രംഗത്ത് വന്നത്. ഈ വർഷം സെപ്റ്റംബറിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷമായി ഉയർന്നത് കടുത്ത ഭീഷണിയാണ് ആരോഗ്യ മേഖലയിൽ ഉയർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പണിമുടക്കുകൾ മൂലം 1.1 ദശലക്ഷം അപ്പോയിന്റ്‌മെന്റുകൾ ആണ് ഇതുവരെ എൻഎച്ച്എസിന് പുന:ക്രമീകരിക്കേണ്ടതായി വന്നത് .