സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള് കൂടി ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണു മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുൻപു രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണിത്. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പരിശോധിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള് സംബന്ധിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യവകുപ്പ് തയാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പിഎച്ച്സികള്‍ വഴിയും അപേക്ഷിക്കാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായും സുതാര്യമായും പരാതികള്‍ തീര്‍പ്പാക്കും. സിറോ പ്രിവലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് ഉടൻ തയാറാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനാണു പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
Leave a Reply