ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അവശ്യ സാധനങ്ങൾക്കും മറ്റും വിലവർധന ഉണ്ടായിരിക്കെ, ജീവിത ചിലവുകൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് 60 ശതമാനത്തോളം വരുന്ന ജോലിക്കാരായ ജനങ്ങൾ. അവശ്യസാധനങ്ങളുടെ വില വർദ്ധനവും, ഇലക്ട്രിസിറ്റി ബില്ലുകളിലും മറ്റുമുള്ള വർധനവും, പെട്രോൾ ക്ഷാമവും എല്ലാം ജനങ്ങളെ വലച്ചിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ, 18 മുതൽ 64 വയസ്സ് വരെയുള്ള ജോലി ചെയ്യുന്നവരിൽ 60% പേരും സാഹചര്യങ്ങളെ നേരിടുന്നതിനായി തങ്ങളുടെ ജീവിത ചിലവുകൾ വെട്ടിക്കുറച്ചതായി വ്യക്തമാക്കി. മറ്റ് 57 ശതമാനം പേർ അടുത്ത മൂന്നു മാസങ്ങളിൽ തങ്ങളുടെ ജീവിത ശീലങ്ങളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുകയാണെന്നും സർവ്വേയിൽ പറഞ്ഞു. ഇതോടൊപ്പംതന്നെ ലോണുകൾക്കു മേലുള്ള പലിശ നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന ആശങ്ക നിലനിൽക്കെ, ലോണുകൾ എടുത്തവരിൽ 13 ശതമാനത്തോളം പേർ മാസം പണം അടക്കാൻ സാധിക്കുമോ എന്ന ആശങ്കയിലുമാണ്. സാധനങ്ങളുടെ മാനുഫാക് ചർമാരും, റീട്ടെയിൽ കച്ചവടക്കാരും വിലവർധനയിൽ ഉള്ള ആശങ്കകൾ മുൻകൂട്ടി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പകർച്ചവ്യാധിയിൽ നിന്നും ലോകം കരകയറി കൊണ്ടിരിക്കെ, സാധനങ്ങളുടെ ആവശ്യകത വർധിച്ചതും വിതരണ ശൃംഖലയിലുള്ള പോരായ്മകളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അവർ വിലയിരുത്തി.
മെയിൽ ഓൺലൈനു വേണ്ടി നടത്തിയ സർവേയിലാണ് ഇത്തരം ആശങ്കകൾ ജനങ്ങൾ പങ്കുവെച്ചത്. ഉർജ്ജനിരക്കുകളും ബ്രിട്ടനിൽ വൻ തോതിൽ വർദ്ധിച്ചത് പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമായി. വിതരണ ശൃംഖലയിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് ഗവൺമെന്റ് എല്ലാ വിധ നടപടികളും എടുക്കുമെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കി. ആഗോളപരമായി നിലനിൽക്കുന്ന ചില പ്രതിസന്ധികൾ ഒഴികെ മറ്റെല്ലാം പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം ജനങ്ങൾക്ക് നൽകി. ക്ഷാമവും മറ്റും പരിഹരിക്കുന്നതിനായി കൂടുതൽ ഡ്രൈവർമാർക്ക് വിസകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply