തിരുവനന്തപുരം: സിപിഎമ്മിനോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിനോട് അടുക്കുന്നതായി സൂചന. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ചെറിയാന്‍ ഫിലിപ്പിന്റെ പരസ്യ വിമര്‍ശനങ്ങള്‍ പുതിയ ചുവടു മാറ്റത്തിന്റെ സൂചനകളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നേരത്തെ സിപിഎം രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍, വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നെന്ന വികാരത്തിലാണ് ചെറിയാന്‍ ഫിലിപ്പ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തഴയുകയും പ്രതീക്ഷ പുലര്‍ത്തിയ രാജ്യസഭാ സീറ്റ് ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുമുന്നണിയോട് ഇടഞ്ഞത്. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചിരുന്നു. സിപിഎം വിട്ടേക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് സൂചന നല്‍കിയ ചെറിയാന്‍ ഫിലിപ്പ്, കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

പരസ്യമായി ഇടതുചേരിയെ തളളിപ്പറഞ്ഞ് പഴയ കൂടാരത്തിലേക്ക് ചേക്കേറാനുളള തയ്യാറെടുപ്പിലാണ് ചെറിയാന്‍ ഫിലിപ്പെന്നാണ് സൂചന. ഇരുകൈയും നീട്ടി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് ബലംപകരുന്ന തരത്തില്‍ കേരള സഹൃദയവേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റോളില്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത് ആദ്യം.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഭാവിയില്‍ ലഭിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവ് ഉപകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നു. എന്നാല്‍ കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തുവന്ന ശേഷം മതി പരസ്യനീക്കങ്ങളെന്നാണ് ധാരണ. പദവികള്‍ പ്രതീക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലെത്തിയെന്ന ആക്ഷേപം ഒഴിവാക്കാനാണിത്.

നവകേരളമിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചെറിയാന്‍ ഫിലിപ്പിന്. ഇതിനിടെ പ്രതീക്ഷ നല്‍കി രണ്ട് രാജ്യസഭാ സീറ്റുകള്‍ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിനു നല്‍കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഇടക്കാലത്ത് സിപിഎമ്മിലേക്കു വന്ന കെടി ജലീലും അബ്ദുറഹ്മാനും വീണാ ജോര്‍ജും വരെ മന്ത്രിയായതും താന്‍ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. കഴിഞ്ഞദിവസം ഖാദി ബോര്‍ഡിലെ സ്ഥാനം നല്‍കിയെങ്കിലും ഖാദിവില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചു.

വിഡി സതീശനുമായി ചെറിയാന്‍ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാന്‍ സിപിഎമ്മില്‍ തഴയപ്പെട്ടപ്പോള്‍ത്തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. ഇതോടെയാണ് നീക്കങ്ങള്‍ സജീവമായത്..സമീപസമയത്ത് ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയതിനെക്കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ- ‘കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും.’ ഇത് ചെറിയാനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍. ചെറിയാന് മാന്യമായ ഒരു സ്‌ഥാനം നല്കാൻ കോണ്‍ഗ്രസിൽ ആർക്കും എതിരഭിപ്രായമില്ല .
ഭാവിയിൽ ആൻറണി ഒഴിയുന്ന രാജ്യസഭാ സീറ്റൂൾപ്പെടെ ചെറിയാൻ ഫിലിപ്പിന് നലകിയാലും അത്ഭുതപ്പെടാനില്ല .