ന്യൂസ് ഡെസ്ക് മലയാളം യുകെ
48 മണിക്കൂർ നീളുന്ന രൂക്ഷമായ കാലാവസ്ഥ രാജ്യം നേരിടുന്നതിനാൽ കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് യെല്ലോ വെതർ വാണിംഗ് നൽകിയിട്ടുണ്ട്. സൗത്ത് ഓഫ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്,നോർത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബാധകം. മണിക്കൂറിൽ 80 മൈലിലധികം വേഗതയുള്ള കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശുന്നത് ഇത് യാത്രകൾ തടസ്സപ്പെടുത്തും എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ചുഴലിക്കാറ്റുകൾ ഒന്നും തന്നെ സ്ഥിതീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥ നിരീക്ഷകൻ ടോം മോർഗൻ പറഞ്ഞു. അറ്റ്ലാൻറിക് പ്രദേശങ്ങളിലുള്ള കനത്ത ന്യൂനമർദ്ദം മൂലമാണ് രാജ്യത്തുടനീളം പ്രത്യേകിച്ച് ഇംഗ്ലണ്ടിൻെറ തെക്ക് ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുന്നതെന്നും തെക്കൻ തീരത്ത് ശക്തമായ കാറ്റ് മൂലം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് ചുഴലിക്കാറ്റിന് സമാനമായ റിപ്പോർട്ടുകളും ഫോട്ടോകളും ലഭിക്കുകയുണ്ടായി. ഡോർസെറ്റിലെ ഐൽ ഓഫ് പോർട്ട്‌ലാൻഡിൽ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 87 മൈലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാംഷയർ, ഡോർസെറ്റ്, വിൽറ്റ്ഷയർ, സസെക്‌സ് എന്നിവിടങ്ങളിൽ 60 മൈൽ വേഗതയിലുള്ള കാറ്റാണ് വീശുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട സംശയങ്ങളുമായി നിരവധി ഫോൺ കോളുകളുകളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നോർഥാംപ്ടൺഷയർ പോലീസ് പറഞ്ഞു. ശക്തമായ കാറ്റിൽ കൗണ്ടിയിലെ റോഡുകളിൽ നിരവധി മരങ്ങളാണ് കടപുഴകി വീണിരിക്കുന്നത് . റെയിൽവേ പാളങ്ങളിൽ മരം വീണതിനെതുടർന്ന് ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചിലതിന് കാലതാമസമോ മാറ്റങ്ങളോ ഉണ്ടായേക്കാമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മുന്നറിയിപ്പുനൽകി.
Leave a Reply