ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വീക്കെന്റിൽ തന്റെ കോൺസ്റ്റിട്യൂൻസിയിൽ വെച്ച് തനിക്ക് ബൈക്ക് അപകടം ഉണ്ടായതായും ഓപ്പറേഷൻ വേണ്ടി വന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് കൂടുതൽ അപകടം ഒഴിവായതെന്ന് അദ്ദേഹം പറഞ്ഞു. ഹെർട്ട്ഫോർഡ്ഷെയറിലെ വെൽവിൻ ഹാറ്റ്ഫീൽഡിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടിയിലെ എംപിയായ ഇദ്ദേഹത്തിനു ചുണ്ടിന് സർജറി ആവശ്യമായും വന്നു. മികച്ച എൻ എച്ച് എസ്‌ സ്റ്റാഫുകളുടെ പരിചരണം മൂലമാണ് താൻ പെട്ടെന്ന് സുഖം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെൽവിൻ ഗാർഡൻ സിറ്റിയിലെ ക്വീൻ എലിസബത്ത് 2 ജൂബിലി ഹോസ്പിറ്റലിലും, ലിസ്റ്റർ ആശുപത്രിയിലും ആയിരുന്നു അദ്ദേഹം ചികിത്സതേടിയത്.


തന്റെ ഓപ്പറേഷൻ വളരെ മികച്ചതായി തന്നെ നടന്നുവെന്നും, എല്ലാ എൻ എച്ച് എസ്‌ സ്റ്റാഫുകളോടുമുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹെൽമെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയും ആശംസയും നിരവധിപ്പേർ സോഷ്യൽ മീഡിയകളിൽ രേഖപ്പെടുത്തി. ലേബർ പാർട്ടി എം പി കാൾ ടർണർ ഉൾപ്പെടെ ഉള്ള പ്രമുഖരും ഇതിലുൾപ്പെടുന്നു.