കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഓസ്ട്രിയയിലാണെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരിൽ 991 പേർ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.
വാക്സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ അലക്സാണ്ടർ ഷാലെൻബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗൺ നിലവിൽ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലാകമാനം കോവിഡ് കേസുകൾ ഉയർന്നതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതർലൻഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. ജർമനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങൾ വാക്സിനെടുക്കാത്തവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply