നാല് വര്‍ഷം മുമ്പ് 2015-ല്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങി ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളില്‍ കലിംഗ ശശി അഭിനയിച്ചിരുന്നു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ആ സിനിമ തിയ്യറ്ററുകളിലെത്തിയില്ല. സിനിമയുടെ പേരോ മറ്റ് വിശദവിവരങ്ങളോ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ഹോളിവുഡിലെ കരാറെന്നും സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി അത് അനൗണ്‍സ് ചെയ്ത ശേഷമേ ആ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശമുണ്ടെന്നും അദ്ദേഹം  പറഞ്ഞിരുന്നു. ഹോളിവുഡിലെ മുന്‍നിര നടന്‍മാര്‍ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന  ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗദ്ദാമയില്‍ അഭിനയിക്കാന്‍ ദുബായില്‍ പോയതായിരുന്നു ശശി. അവിടുത്തെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് ഒരാള്‍ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് പൊക്കിെക്കാണ്ടുപോയത്. സുപ്രസിദ്ധ ഹോളീവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച സിനിമ ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയായിരുന്നുവെന്നും അതില്‍ യൂദാസിന്റെ റോളായിരുന്നു തനിക്കെന്നും ശശി വെളിപ്പെടുത്തിയിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ 2009-ലാണ് കലിംഗ ശശി സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. അതിനുശേഷം ഇരുന്നൂറിലധികം സിനിമകളില്‍ അദ്ദേഹം വിഷമിട്ടു. ഹാസ്യരംഗങ്ങളും സീരിയസ് സിറ്റുവേഷനുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന ഈ കലാകാരന്‍ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ചേരുവയായി മാറുകയായിരുന്നു. കോഴിക്കോട്ടെ പ്രമുഖ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന തന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയതും പുറത്തുതട്ടി ഉയര്‍ത്തിവിട്ടതും രഞ്ജിത്താണെന്ന് ശശി നന്ദിയോടെ സ്മരിച്ചിരുന്നു. ”രഞ്ജിസാറിനു മുന്നില്‍ ഞാന്‍ ഇരിക്കില്ല. അത്രയ്ക്ക് കടപ്പാടും നന്ദിയും അദ്ദേഹത്തിനോടുണ്ട്.”

പല്ലുകളില്ലാത്ത വായയായിരുന്നു ശശിയുടെ ഹൈലൈറ്റ്. ആവശ്യമുള്ളപ്പോള്‍ ഹാസ്യവും മറ്റു ചിലപ്പോള്‍ ക്രൗര്യവും പ്രകാശിപ്പിക്കാന്‍ ശശിയുടെ രൂപത്തിന് കഴിഞ്ഞു. അഭിനയിക്കാന്‍ വേണ്ടി പല്ലുകള്‍ എടുത്തു കളഞ്ഞതാണോയെന്ന് ചോദിച്ചപ്പോള്‍ ശശി ഉറക്കെ ചിരിച്ചു കൊണ്ട് ശശി പറഞ്ഞത് ഇതായിരുന്നു.-‘വീട്ടിലെ ഏക ആണ്‍കുട്ടിയായിരുന്നു ഞാന്‍. മുതിര്‍ന്നവര്‍ എല്ലാവരും വരുമ്പോള്‍ എനിക്ക് മിഠായി തരും. എല്ലാം വാങ്ങിതിന്ന് എനിക്കത് ഒരു ഹോബിയായി. അങ്ങനെ ചെറുപ്പത്തിലേ പല്ല് കേടുവന്നു, അങ്ങനെയത് കൊഴിഞ്ഞു പോയി. ഏതായാലും ഇപ്പോള്‍ സിനിമയില്‍ അതൊരു അനുഗ്രഹമായി.’

കോഴിക്കോട് കുന്ദമംഗലത്തെ വാഴപറമ്പാണ് ശശിയുടെ നാട്. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ഡിഗ്രിയെടുത്ത ശേഷം നാടകവും യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ് ശശി ചെയ്തത്. നാടകത്തിലേക്കെത്താന്‍ ഒരു കാരണവുമുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രസിദ്ധ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ ജീവനാഡിയായിരുന്ന വിക്രമന്‍ നായര്‍ ശശിയുടെ അമ്മാവനാണ്. കെ.ടി. മുഹമ്മദിന്റെ സാക്ഷാത്ക്കാരം, സ്ഥിതി, സംഹാരം തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു.