ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിസ്മസ് നാളുകളിൽ ഏറ്റവും ചിലവ് വരുന്ന ഉൽപ്പന്നങ്ങളാണ് വീഞ്ഞും മദ്യവും. എന്നാൽ ക്രിസ്മസിന് ബ്രിട്ടീഷുകാർ വീഞ്ഞ്, മദ്യ ക്ഷാമം നേരിടേണ്ടിവരുമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ചെലവുകളും കോവിഡ് പ്രതിസന്ധിയും വിതരണത്തിലെ കാലതാമസവും കാരണം ക്ഷാമം ഉണ്ടാകുമെന്ന് വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ (ഡബ്ല്യുഎസ്ടിഎ) വ്യക്തമാക്കി. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സിന് അയച്ച കത്തിലാണ് ഈ ആശങ്ക വിവരിച്ചത്. പെർനോഡ് റിക്കാർഡ്, മൊയെ ഹെന്നസി, വൈൻ സൊസൈറ്റി എന്നിവയുൾപ്പെടെ 49 സ്ഥാപനങ്ങൾ കത്തിൽ ഒപ്പുവച്ചു. എന്നാൽ ക്രിസ്മസിന് മദ്യവിതരണം തടസ്സപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് സർക്കാർ വാദം. എച്ച്‌ജിവി ഡ്രൈവർ ക്ഷാമം ഈ മേഖലയെ രൂക്ഷമായി ബാധിച്ചു. ഡ്രിങ്ക്സ് ബിസിനസുകൾ ഇപ്പോഴും ബുദ്ധിമുട്ടിലാണെന്നും കൂടുതൽ നടപടി ആവശ്യമാണെന്നും കത്തിൽ പറയുന്നു.
നിർണായക വ്യാപാര കാലഘട്ടമാണ് വരുന്നതെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വൈൻ, മദ്യം എന്നിവയുടെ വിതരണം നിലയ്ക്കുമെന്നും കത്തിൽ വിശദമാക്കി. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയിരുന്ന ഓർഡറുകൾ ഇപ്പോൾ 15 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കുന്നത്. കൃത്യസമയത്ത് ഓർഡറുകൾ പൂർത്തിയാക്കാൻ കഴിയാത്തത് ബിസിനസിൻെറ തകർച്ചയ്ക്ക് കാരണമാകുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർദ്ധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാരെ ആകർഷിക്കാൻ വൻകിട ബിസിനസുകളുമായി മത്സരിക്കാൻ കഴിയാത്ത ചെറുകിട, ഇടത്തരം സംരംഭകരും പ്രതിസന്ധിയിലാണ്. എച്ച്ജിവി ഡ്രൈവർമാർക്കുള്ള താൽക്കാലിക വിസ പദ്ധതി ഒരു വർഷത്തേക്ക് നീട്ടണമെന്ന് ഡബ്ല്യുഎസ് ടിഎ ആവശ്യപ്പെട്ടു. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം ഈ ക്രിസ്‌മസിന് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഭക്ഷ്യ വിതരണക്കാർ എംപിമാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡ്രിങ്ക്സ് ബിസിനസിൽ നിന്നുള്ള മുന്നറിയിപ്പ്. യുകെ സ്ഥിരമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ (എഫ് ഡിഎഫ്) മേധാവി ഇയാൻ റൈറ്റ് സെപ്റ്റംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Leave a Reply