ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടുംബ ഡോക്ടറുമായുള്ള പതിവ് മുഖാമുഖമായുള്ള കൺസൾട്ടേഷൻ ഇനി പുതുവത്സരത്തിന് ശേഷം മാത്രമായിരിക്കും. ബൂസ്റ്റർ വാക്സിൻ വിതരണത്തിൽ ജിപിമാരുടെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സർക്കാരിൻറെ ഈ പുതിയ നീക്കം. ഒരു ദിവസം ഒരു ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകുക എന്നതിൽ എൻഎച്ച്എസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കാൽമുട്ടുകൾ ഇടുപ്പ് എന്നിവയിലുള്ള ഓപ്പറേഷനുകളും ചില ആശുപത്രികൾ മാറ്റിവെച്ചു. കഴിഞ്ഞ രാത്രി ഇംഗ്ലണ്ടിലെ ആശുപത്രികളിൽ കഴിയുന്നത്ര രോഗികളെ ഡിസ്ചാർജ് ചെയ്യാൻ എൻഎച്ച്എസിന് കീഴിലുള്ള ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ക്രിസ്തുമസിന് മുൻപ് രോഗികളെ കെയർ ഹോമുകളിലേയ് ക്കോ ഹോസ്പിറ്റലുകളിലേക്കോ സ്വന്തം വീടുകളിലേയ് ക്കോ ഹോട്ടലുകളിലേയ് ക്കോ ഡിസ്ചാർജ് ചെയ്തിരിക്കണമെന്നും എൻഎച്ച്എസ് മേധാവികൾ അയച്ച കത്തിൽ പറയുന്നു.
ക്യാൻസർ ലക്ഷണം ഉള്ളവർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ജിപിമാരെ കാണുന്നത് തുടരാമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ അടുത്ത രണ്ടാഴ്ചത്തേയ് ക്ക് പ്രൈമറി കെയർ സർവീസുകൾ ബൂസ്റ്റർ വാക്സിൻെറ വിതരണത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാമിലി ഡോക്ടർമാരെ സന്ദർശിക്കുന്നതിൽ നിയന്ത്രണം വരുത്തുന്നത് മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുടെ സ്ഥിതി വഷളാകുമെന്ന് മെഡിക്കൽ കോളേജുകൾ മുന്നറിയിപ്പുനൽകി. ജിപിമാരുടെ പരിശോധനയ്ക്കു ശേഷമാണ് പ്രതിമാസം ഏകദേശം അയ്യായിരം ക്യാൻസർ രോഗ നിർണയം നടന്നതെന്ന് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നു. ബൂസ്റ്റർ ഡോസുകൾ കൊടുക്കുന്നതിനോടനുബന്ധിച്ച് ജനങ്ങൾക്ക് ഭാവിയിൽ എൻഎച്ച്എസിൻെറ സേവനങ്ങൾ നിക്ഷേധിക്കപ്പെടുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഗവൺമെൻറ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചില്ലെങ്കിൽ ഒമിക്രോണിൻെറ തരംഗം വളരെ വലുതായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പകർച്ചവ്യാധി മൂലമുണ്ടായ തടസ്സത്തിന്റെ ഫലമായി എൻഎച്ച്എസ് തയാറാക്കിയ വെയ്റ്റിംഗ് ലിസ്റ്റുകൾ ഇതിനോടകം ആറു ദശലക്ഷമായി ഉയർന്നു. ചില അടിയന്തര അപ്പോയിമെന്റുകളും ഇലക്റ്റീവ് സർജറികളും പുതുവത്സരത്തിന് മുന്നേ നടന്നേക്കാം. അതേസമയം ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിൻ നൽകുന്നതിനാണ് മുൻഗണന. അത്യാവശ്യമുള്ള സാഹചര്യത്തിൽ മാത്രമേ ഏതൊരു ആരോഗ്യ സെക്രട്ടറിയും ഇത്തരതരത്തിലുള്ള ഒരു നടപടി സ്വീകരിക്കുകയുള്ളൂവെന്നും ഇപ്പോൾ ബൂസ്റ്റർ വാക്സിൻ വിതരണത്തിന് മുൻഗണന നൽകിയില്ലെങ്കിൽ വരാനിരിക്കുന്ന മാസങ്ങളിലെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്ന് തനിക്ക് ബോധ്യം ഉണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
Leave a Reply