ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളില്‍ സ്വന്തം അച്ഛനെയും അമ്മയെയും നാടിനെയും വിട്ട് നെതര്‍ലാന്‍ഡ്സിലേയ്ക്ക് പറിച്ച് നടപ്പെട്ട അമുതവല്ലി രണ്ട് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയുടെ ചാരത്തെത്തി.കടയാമ്പട്ടിക്കടുത്ത് ദാസസമുദ്രം സ്വദേശികളായ ആര് അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ മകളാണ് അമുതവല്ലി. ജീവിത സാഹചര്യങ്ങളാണ് അമുതവല്ലിയ്ക്ക് പെറ്റമ്മയുടെ കരുതല്‍ നഷ്ടമാക്കിയത്.
നെതര്‍ലാന്‍ഡില്‍ തന്റെ ഭൂതകാലം അറിയാതെ പിയറ്റ്-അഗീത ദമ്പതികളുടെ മകളായി ഇവള് വളര്‍ന്നു. ഒരു ദിവസം അവള് ആ സത്യം തിരിച്ചറിഞ്ഞു, അവളെ അവര്‍ ദത്തെടുക്കുകയായിരുന്നു.അമുതവല്ലിക്ക് ഇപ്പോള്‍ 23 വയസ്സ്. അവള് തന്റെ വേരുകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. ആ യാത്ര ഒടുവില്‍ അവസാനിച്ചത് സേലത്തെ ഒരു വിദൂര ഗ്രാമമായ ദാസസമുദ്രം ത്തിലായിരുന്നു.
ദാസസമുദ്രം സ്വദേശികളായ ആര് അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ കുട്ടിയാണ് അമുതവല്ലി. അവളുടെ മൂത്ത സഹോദരി ജെനിഫറിന് 25 വയസ്സ്. രംഗനാഥന് മദ്യത്തിന് അടിമയായിരുന്നു. രാപ്പകല്‍ അയാള്‍ കുടുംബം നോക്കാതെ മദ്യപിച്ച് നടന്നു. വീട്ടിലെ കാര്യങ്ങള്‍ ആകെ പരുങ്ങലിലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചു വന്നു. മക്കള്‍ക്ക് ആഹാരം പോലും നല്കാന് കഴിയാതെ ആ അമ്മ നീറി.
ഒരു വീട്ടുജോലിക്കാരിയായിരുന്ന അവര്‍ക്ക് രണ്ട് മക്കളെ നോക്കാനുള്ള വരുമാനം ഇല്ലായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ ഈ കടുംകൈ ചെയ്യാന്‍ അവള് നിര്‍ബന്ധിതയായി. ഒടുവില്‍ പട്ടിണി സഹിക്കവയ്യാതെ ഇളയ മകളെ ദത്ത് നല്കാന് അവര്‍ തീരുമാനിച്ചു.
മകള്‍ക്ക് വെറും പതിനൊന്ന് ദിവസം പ്രായമുള്ളപ്പോള്‍ 1998 -ല്‍ സേലത്തെ ഒരു മിഷനറിക്ക് ദത്തെടുക്കാന്‍ നല്കി. നെതര്‍ലന്‍ഡില്‍ നിന്നുള്ള പിയറ്റ്-അഗീത ദമ്പതികള്‍ അമുതവല്ലിയെ ദത്തെടുത്ത് അവിടെയ്ക്ക് കൊണ്ടുപോയി.
”എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു അത്. പിന്നീടുള്ള ഓരോ ദിവസവും ഞാന്‍ അതോര്‍ത്ത് ഖേദിച്ചു. അവളുടെ ഓര്‍മ്മകള്‍ എന്നെ നിരന്തരം വേട്ടയാടിയിരുന്നു” അമ്മ അമുത പറഞ്ഞു.
അമുതവല്ലി ഇതൊന്നുമറിയാതെ നെതര്‍ലാന്‍ഡ്സില്‍ വളര്‍ന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇപ്പോള്‍ അവിടെ ഒരു ഫ്ലവര്‍ ബോട്ടിക് നടത്തുകയാണ് അവള്. അടുത്തിടെയാണ് അവള് തന്റെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നത്. അതോടെ തന്റെ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹം അവളില്‍ വളര്‍ന്നു. ആദ്യം അവളുടെ ദത്തെടുത്ത മാതാപിതാക്കള്‍ അതിന് സമ്മതിച്ചില്ലെങ്കിലും, പിന്നീട് അവരുടെ അനുവാദത്തോടെ അമുതവല്ലി ചെന്നൈയിലെത്തി. തന്റെ നിറം കറുപ്പല്ലായിരുന്നെങ്കില്‍ താന്‍ ദത്തെടുത്തതാണെന്ന് ഒരിക്കലും അറിയില്ലായിരുന്നു എന്ന് അമുതവല്ലി പറഞ്ഞു.
‘എന്റെ ദത്തെടുത്ത മാതാപിതാക്കള്‍ വെളുത്തവരായിരുന്നു. ഒരു ഘട്ടത്തില്‍, എന്തുകൊണ്ടാണ് ഞാന്‍ കറുത്തുപോയതെന്ന് അവരോട് ഞാന്‍ ചോദിക്കാന്‍ തുടങ്ങി. ഒടുവില്‍ രണ്ട് വര്‍ഷം മുമ്പ് അവര്‍ എന്നോട് എല്ലാം വെളിപ്പെടുത്തി’ അമുതവല്ലി പറഞ്ഞു. ദത്തെടുത്ത മാതാപിതാക്കള്‍ വളരെ കരുതലുള്ളവരായിരുന്നുവെന്ന് അവള് പറയുന്നു. താന്‍ അവരുടെ സ്വന്തം മകളല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവള് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ അവള്‍ക്ക് ഡച്ചും, ഇംഗ്ലീഷും മാത്രമേ അറിയൂമായിരുന്നുള്ളൂ. അതുകൊണ്ട് ചെന്നൈയില്‍ നിന്ന് അമുതവല്ലി ഒരു ഗൈഡിനോടൊപ്പം സേലത്തേക്ക് പുറപ്പെട്ടു. മിഷനറിയില്‍ നിന്ന് മാതാപിതാക്കളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. അമ്മ അമുത സേലത്ത് ദശസമുദ്രത്തിലാണ് താമസിക്കുന്നതെന്ന് അവള് മനസ്സിലാക്കി.
തീര്‍ത്തും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ദശസമുദ്രം ഗ്രാമം പിന്നീട് സാക്ഷ്യം വഹിച്ചത്. വീട്ടുപടിക്കല്‍ മകളെയും കാത്ത് നില്‍ക്കുകയായിരുന്നു അമ്മ. അമ്മയെ ആദ്യമായി കണ്ടപ്പോള്‍ അമുതവല്ലിയുടെ കവിളിലൂടെ സന്തോഷാശ്രുക്കള്‍ ഒഴുകി. അവളുടെ അമ്മ വേദനയോടെ തന്റെ കഴിഞ്ഞ കാലം ഓര്‍ത്തു.
പക്ഷേ അച്ഛനെ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവളുടെ അച്ഛന് വളരെക്കാലം മുമ്പ് മരിച്ചു പോയിരുന്നു. ആദ്യം അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് മകളെ തിരിച്ചറിയാനായില്ല. എന്നാല്‍, അമുതവല്ലി ആരാണെന്ന് ഗൈഡ് വിശദീകരിച്ചപ്പോള്‍ അവള് സ്തംഭിച്ചുപോയി. തുടര്‍ന്ന് തമ്മില്‍ കണ്ടപ്പോള്‍ വര്‍ഷങ്ങളായി ആ അമ്മ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വേദനയും, വാത്സല്യവും അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീരായി ഒഴുകി. അവര്‍ മകളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.
സ്വന്തം കൈകൊണ്ട് ചോറ് വാരി കൊടുത്തു. മകളെ ഊട്ടിയും, പരിലാളിച്ചും അവര്‍ക്ക് മതിയായില്ല. മനസ്സില്ലാമനസ്സോടെയാണ് അമുതവല്ലി നെതര്‍ലന്‍ഡ്സിലേക്ക് മടങ്ങുന്നത്. എന്നാലും, വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തെ കാണാന്‍ നാട്ടിലേയ്ക്ക് വരുമെന്ന് അവള് പറഞ്ഞു. ”ഞാന്‍ ഇപ്പോള്‍ കുറച്ച് തമിഴ് വാക്കുകള്‍ ഒക്കെ പറയും. അടുത്ത വര്‍ഷം ഞാന്‍ തിരിച്ച് എത്തുമ്പോഴേക്കും തമിഴ് നന്നായി സംസാരിക്കാനും വായിക്കാനും പഠിക്കണം. ഞാന്‍ ഇപ്പോള്‍ ഈ സംസ്കാരത്തെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാരി ഉടുക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം’ അവള് കൂട്ടിച്ചേര്‍ത്തു.
	
		

      
      



              
              




            
Leave a Reply