സിനിമയിൽ എത്തി ഏഴ് വർഷം പിന്നിടുമ്പോൾ വെറും മൂന്ന് സിനിമകൾ മാത്രമാണ് ബേസിൽ സംവിധാനം ചെയ്തത്. എന്നാൽ ആ മൂന്ന് സിനിമകളിലൂടെ താൻ സിനിമയിൽ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ബേസിൽ തെളിയിച്ച് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബേസിലിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർ ​​ഹീറോ ചിത്രം വരുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമ റിലീസ് ചെയ്തപ്പോൾ അതിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് പുറത്ത് അടക്കം ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു ബേസിലിന്റെ സംവിധാനത്തിൽ ടൊവിനോയെ നായകനാക്കി റിലീസ് ചെയ്ത മിന്നൽ മുരളി.

മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്ന ബേസിൽ കുടുംബവിശേഷവും സിനിമാ വിശേഷവും അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഭാര്യ എലിസബത്തിനെ ജീവിതസഖിയാക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ചും ബേസിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. ആദ്യമായി സ്റ്റേജിൽ കയറിയത് സൺഡേ സ്കൂൾ മത്സരത്തിനാണ്. പ്രസംഗം, പാട്ട്, ഗ്രൂപ് സോങ്, സുറിയാനി ഗ്രൂപ് സോങ് അങ്ങനെ.. തിയറ്ററിൽ സിനിമ കാണിക്കുന്നത് കുറവായിരുന്നു. കാബൂളിവാല, മൈഡിയർ കുട്ടിച്ചാത്തൻ ടു, നാടോടി ഒക്കെയാണ് ആകെ തിയറ്ററിൽ കണ്ടത്. സിഇടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അഡ്മിഷൻ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോർട് ഫിലിമാണ് ഒരു തുണ്ടുപടം. എ ഷോർട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ കേട്ടവർക്ക് ചില സംശയങ്ങൾ ഉണ്ടായി. ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ഒരു അങ്കിൾ വഴിയിൽ തടഞ്ഞ് ചോദിച്ചു, ഇപ്പോൾ മറ്റേ പരിപാടിയൊക്കെ ഉണ്ടോ എന്ന്…

എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ഞാൻ തേർഡ് ഇയറിന് പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇ യറിൽ ജോയിൻ ചെയ്ത എലിസബത്തിനെ നോട്ട് ചെയ്തത്. സാധാരണ കോളജ് റൊമാൻസ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ടീച് ഫോർ ഇന്ത്യ എന്ന എൻജിഒയിലാണ് എലിസബത്ത് വർക് ചെയ്യുന്നത്. ജാൻഎമന്നിലെ പോലെ സർപ്രൈസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്ന് ഭാര്യ എലിക്ക് അറിയാം. ആഘോഷങ്ങൾ സർപ്രൈസ് ആക്കുന്നത് എലിസബത്തിന് ഹരമാണ്. ആഗസ്റ്റ് 17ന് വിവാഹ വാർഷികം പ്രമാണിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എന്നെ ഡ്രസ് ചെയ്യിച്ച് ഇറക്കി. അപ്പോഴതാ ഡോറിൽ അടുത്ത വീട്ടിലെ ആന്റി. അവരുടെ ബാൽക്കണിയിൽ വീണുകിടന്ന ചെടി റെഡിയാക്കി കൊടുക്കാമോ എന്നാണ് ചോദ്യം. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് എല്ലാവരും കൂടി ബലൂണൊക്കെ പൊട്ടിച്ച് സർപ്രൈസ് വിഷ് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ ബർത്ഡേക്ക് ഞാനും ഞെട്ടിച്ചിട്ടുണ്ട്. ബെർത്ഡേ ദിവസം രാത്രി 12 മണിക്ക് ഞാനും പത്തിരുപത്തഞ്ച് കൂട്ടുകാരും കൂടി മെഴുകുതിരിയൊക്കെ വാങ്ങി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. അവൾ കോറിഡോറിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഞങ്ങൾ മെഴുകുതിരി കത്തിച്ച് ഹാർട് ഷേപ്പിൽ നിൽക്കുന്നു. ഗൗതം മേനോൻ സിനിമ പോലുള്ള സിനിമാറ്റിക് സർപ്രൈസ്. ഇൻഫോസിസിൽ നിന്ന് നാലുമാസം ലീവ് എടുത്ത് പോയാണ് തിരയിൽ അസിസ്റ്റ് ചെയ്തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്ന് കാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറ്. ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ച് ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വച്ചു അന്നെനിക്ക് 24 വയസേയുള്ളൂ.

കുഞ്ഞിരാമായണം ഏറെ പ്രിയപ്പെട്ട സിനിമയാണ്. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ റിമി. പണ്ടായിരുന്നെങ്കിൽ കൽപ്പന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എന്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല. എനിക്ക് മിന്നലേറ്റിട്ടില്ല പക്ഷേ മിന്നലിൽ നിന്ന് ജസ്റ്റ് എസ്കേപ്പായിട്ടുണ്ട്. ഗോദയുടെ പ്രമോഷൻ പരിപാടിക്കിടെ ഹോട്ടൽ ബാൽക്കണിയിൽ ഞാനും ടൊവീനോയും നായിക വാമിക ഗബ്ബിയും കൂടി സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മിന്നൽ വന്നത്. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു സ്പാർക്ക്. കണ്ണ് തുറന്ന് നോക്കുമ്പോൾ ടൊവീനോ ഇല്ല. മിന്നൽ പോലെ അവൻ പാഞ്ഞുകളഞ്ഞു. ഗോദയുടെ കഥ പറയാൻ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവീനോയെ കാണുന്നത്. ഇപ്പോഴും വാട്സാപ്പിൽ പരസ്പരം സ്റ്റിക്കർ അയച്ച് കളിക്കുന്ന കുട്ടികളാണ് ഞങ്ങൾ.

അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പർ ഹീറോയ്ക്ക് വേണ്ട ബോഡി ഉണ്ടാക്കാനും അത് നിലനിർത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ഡൗൺ ഇളവ് വന്നപ്പോൾ 40 ദിവസം ഫൈറ്റ് ഷൂട്ടിങ് ആണ് പ്ലാൻ ചെയ്തത്. അതിന് വേണ്ടി ട്രെയ്നർക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്നിക് പഠിച്ച് വീഡിയോ എടുത്ത് അയച്ച് തരും. വെടിവച്ച് ബലൂൺ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോൾ ആവേശം മൂത്ത് പുരപ്പുറത്ത് നിന്ന് ശരിക്കും ചാടിയാലോ എന്നൊക്കെ ചോദിച്ച് കളയും. അത്രമാത്രം ഡെഡിക്കേറ്റഡാണ് അവൻ. മിന്നൽ മുരളി അഞ്ച് ഭാഷകളിൽ ഇറക്കാൻ നേരത്തെ പ്ലാനുണ്ടായിരുന്നു. എട്ടുകാലി കടിച്ച് പവർ കിട്ടിയ സ്പൈഡർമാന് ഇത്രയും ആരാധകരുള്ളപ്പോൾ സൂപ്പർ പവർ കിട്ടുന്ന മുരളിക്കും പാൻ ഇന്ത്യൻ അപ്പീൽ ഉണ്ടെന്ന വിശ്വാസമാണ് സിനിമ വിവിധ ഭാഷയിലിറക്കാൻ പ്രേരിപ്പിച്ചത്.