ന്യൂസ് ഡെസ്ക് മലയാളം യുകെ
പതിറ്റാണ്ടുകൾക്കുശേഷം യുകെയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ലണ്ടനിൽ 30 വയസ്സുള്ള ഒരു സ്ത്രീയും ഹാംഷെയറിൽ 20 വയസ്സുള്ള ഒരു പുരുഷനും മെർസിസൈഡിൽ 50 വയസ്സുള്ള ഒരു പുരുഷനുമാണ് കൊടുങ്കാറ്റ് മൂലം മരണമടഞ്ഞത്. യൂറോപ്പിലെ മറ്റിടങ്ങളിൽ അഞ്ചു പേർ മരിച്ചു. അതേസമയം കൊടുങ്കാറ്റ് മൂലം സ്കൂളുകൾ അടച്ചു. കൊടുങ്കാറ്റ് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത നാശനഷ്ടങ്ങൾക്കും അപകടത്തിനും സാധ്യതയുണ്ടെന്നറിയിച്ച് മെറ്റ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ട്രെയിനുകളും ചില വിമാന സർവീസുകളും റദ്ദാക്കി.
ഈസ്റ്റേൺ എയർവേയ്‌സ് ഇതിനകം തന്നെ ലണ്ടൻ-ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കി. എക്‌സെറ്റർ എയർപോർട്ട് മൂന്ന് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്.വെൽഷ് കൗൺസിലുകളും സോമർസെറ്റ് കൗണ്ടി കൗൺസിലും അവരുടെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുമെന്ന് അറിയിച്ചു. ഡെവൺ, കോൺവാൾ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്കൂളുകളും ഇന്ന് അടച്ചിടും.
വെയിൽസിലെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യാത്രാ തടസ്സം ഉണ്ടാകുമെന്നതിനാൽ ട്രെയിനിൽ പോകരുതെന്ന് റെയിൽ കമ്പനികൾ അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടാക്കി ഡഡ്‌ലി കൊടുങ്കാറ്റ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അതിതീവ്രതയോടെയുള്ള യൂനിസിൻെറ വരവ്. വടക്കൻ ഇംഗ്ലണ്ടിലെ 20,000-ത്തിലധികം വീടുകൾ ഇതിനകം ഇരുട്ടിലാണ്. 47 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ ബേൺസ് ഡേ കൊടുങ്കാറ്റിന് ശേഷം ഇത്രയും ഭീകരമായ കൊടുങ്കാറ്റ് രാജ്യത്ത് ഇത് ആദ്യമാണ്.
Leave a Reply