ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രണ്ട് വർഷം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ‘കോവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും. കോവിഡ് പോസിറ്റീവ് ആയവർക്കുള്ള സെൽഫ് ഐസൊലേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഇല്ലാതെയാകും. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. സർക്കാരിന് വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സൗജന്യ കോവിഡ് പരിശോധനയും നിര്‍ത്തലാക്കും. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ ലഭ്യത കുറയുമോ എന്ന് വ്യക്തമല്ല. അതേസമയം പുതിയ പദ്ധതിയ്ക്കുള്ള ഫണ്ടിങ്ങിനെ ചൊല്ലി ട്രഷറിയും ആരോഗ്യ വകുപ്പും തമ്മിൽ തർക്കമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.
തന്റെ പുതിയ പദ്ധതിയിലൂടെ സമൂഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് ജോൺസൻ ഉറപ്പ് നൽകി. വാക്‌സിനുകളെയും പുതിയ ചികിത്സാരീതികളേയും മാത്രം ആശ്രയിച്ച് കോവിഡിനൊപ്പം ജീവിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. കോവിഡ് പരിശോധനയ്ക്കായി ജനുവരിയിൽ മാത്രം രണ്ട് ബില്യൺ പൗണ്ടാണ് സർക്കാർ ചിലവാക്കിയത്.
പ്രധാനമന്ത്രിയുടെ കോമൺസ് പ്രസ്താവനയ്ക്ക് മുൻപായി ഇന്ന് മന്ത്രിസഭയുമായി നടത്താനിരുന്ന യോഗം വൈകിയതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. കോമൺസിലെ പ്രസ്താവനയ്ക്ക് ശേഷം, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ സർ ക്രിസ് വിറ്റി, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തും.
Leave a Reply