അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത് മൂലമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ ഖബറടക്കേണ്ടി വന്നതെന്ന് സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍. വലിയ തോതില്‍ ജനങ്ങള്‍ പൊതുദര്‍ശനത്തിന് എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഒപ്പം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൂടിയായതോടെ നേരത്തെ ഖബറടക്കുകയായിരുന്നു.
ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിക്കൊണ്ടിരുന്നുണ്ട്. അവര്‍ക്ക് ഖബറടക്കിയ സ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കാമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ തറവാട്ട് വീട്ടിലെത്തി മടങ്ങും.
തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ ജനാവലി ഇവിടേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് ഖബറടക്കല്‍ ചടങ്ങ് നേരത്തെയാക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 നായിരുന്നു അപ്രതീക്ഷിത ഖബറടക്കല്‍ നടന്നത്.അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഉദരസംബന്ധമായ അസുഖത്തേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഐസിയുവിലായിരുന്നു ഫെബ്രുവരി 22 മുതല്‍. കഴിഞ്ഞ ദിവസം മുതലാണ് ആരോഗ്യനില വഷളായത്. മരുന്നുകളോട് പ്രതികരിക്കാതായി. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
Leave a Reply