ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ലഭിച്ച അൻപത്തിയേഴുകാരനായ ഡേവിഡ് ബെന്നെറ്റ് ചൊവ്വാഴ്ച മരണമടഞ്ഞു. ജനുവരി ഏഴിനാണ് അദ്ദേഹത്തിന് മേരിലൻഡ് മെഡിക്കൽ സെന്ററിൽ ട്രാൻസ്പ്ലാന്റ് നടത്തിയത്. അതിനുശേഷം രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില പുരോഗമിച്ചു വരികയായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മോശമായ രീതിയിലേക്ക് ആരോഗ്യനില എത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഡേവിഡിന്റെ മരണം ഔദ്യോഗികമായി ആശുപത്രി അധികൃതർ പുറത്ത് വിട്ടത്. ലോകത്താദ്യമായി ജനിതക മാറ്റം വരുത്തിയ ഒരു മൃഗത്തിന്റെ ഹൃദയം ലഭിച്ച ആളാണ് ഡേവിഡ്. ഡേവിഡിൻെറ മരണത്തിനു തക്കതായ കാരണങ്ങൾ ഒന്നും തന്നെ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ആശുപത്രി വക്താവ് ഡെബോറഹ് കോട്സ് അറിയിച്ചു.


ഡേവിഡിന്റെ മരണം സംബന്ധിച്ചുള്ള കാരണങ്ങളെ സംബന്ധിച്ച് വിശദമായ ഗവേഷണ റിപ്പോർട്ട് തയ്യാറാക്കാനുള്ള പദ്ധതിയിലാണ് വിവിധ ഗവേഷകർ. ഡേവിഡിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും വളരെ ധൈര്യമായി ഇത്രയുംകാലം ജീവിതത്തിനുവേണ്ടി പോരാടിയ ഒരാളായിരുന്നു ഡേവിഡെന്നും ട്രാൻസ്പ്ലാന്റിന് നേതൃത്വംനൽകിയ സർജൻ ഡോക്ടർ ബാർട്ട്ലി ഗ്രിഫിത് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തുള്ള എല്ലാ ഹൃദ്രോഗികൾക്കും ആശ്വാസം നൽകുന്നതായിരുന്നു ബെനറ്റിന്റെ ശസ്ത്രക്രിയ. മനുഷ്യഹൃദയങ്ങൾക്കുള്ള ക്ഷാമം ഇതിലൂടെ പരിഹരിക്കാനാകുമെന്ന് ശാസ്ത്രലോകം ഈ ശസ്ത്രക്രിയയിലൂടെ തെളിയിച്ചിരുന്നു. നിരവധി വിവരങ്ങളാണ് ഈ ശസ്ത്രക്രിയയിലൂടെ ശാസ്ത്രലോകത്തിനു ലഭിച്ചതെന്ന് ഇന്റർ സ്പീഷീസ് ട്രാൻസ്പ്ലാന്റ് പ്രമുഖനായ ഡോക്ടർ മുഹമ്മദ് മോഹിയുദിൻ വ്യക്തമാക്കി. കൂടുതൽ ക്ലിനിക്കൽ ട്രയലുകൾ ഭാവിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയയിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന സമയത്ത് ഇത്തരം ഒരു ശസ്ത്രക്രിയ വൻ പ്രചോദനമാണ് നൽകിയിരുന്നത്. എന്നാൽ മനുഷ്യന്റെ ഉപയോഗങ്ങൾക്ക് വേണ്ടി മൃഗങ്ങളെ കുരുതി കൊടുക്കുന്നതിനെതിരെ മൃഗ സംരക്ഷകർ ശബ്ദം ഉയർത്തിയിരുന്നു. 2021 ഒക്ടോബർ മുതൽ തന്നെ മേരിലാൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബെന്നറ്റിന്റെ അവസാന പ്രതീക്ഷയായിരുന്നു ഈ ശസ്ത്രക്രിയ. ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം സ്വീകരിക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. ശസ്ത്രക്രിയ നടത്തി തുടക്ക ദിവസങ്ങളിൽ ഒന്നുംതന്നെ ഹൃദയം യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും കാണിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ബെന്നറ്റിനുവേണ്ടി നടത്തിയ എല്ലാ പ്രയത്നങ്ങൾക്കും ആശുപത്രി അധികൃതർക്കുള്ള നന്ദി കുടുംബാംഗങ്ങൾ വ്യക്തമാക്കി.