ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 15 മുതൽ 21വരെയുള്ള ദിവസങ്ങളിൽ താപനില 6 മുതൽ 20 ഡിഗ്രിവരെയാകുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ കാറ്റും മഴയും യുകെയുടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നാണ് കാലാവസ്ഥ മാറുമെന്ന മുന്നറിയിപ്പ് പുറത്ത് വന്നത്.

ബർമിംഗ്ഹാമിലും മിഡ്‌ലാൻഡിലും ഏപ്രിൽ 23 ഞായർ മുതൽ ഏപ്രിൽ 25 ചൊവ്വ വരെ കടുത്ത ചൂട് അനുഭവപ്പെടും. അതേസമയം ഏപ്രിൽ 26 ന് മഴ ചില ഇടങ്ങളിൽ ശക്തിയായി പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്‌ച പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും മേഘം കറുത്ത് ഇരുണ്ട് കേറുമെന്നും നേരിയ നിലയിൽ മഴ പെയ്യുമെന്നും വടക്ക് ഭാഗത്ത്‌ ശക്തമായ നിലയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ കൂട്ടിച്ചേർത്തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

സമീപ കാലയളവിൽ റിപ്പോർട്ട്‌ ചെയ്തകാലാവസ്ഥകളിൽ നിന്ന് വ്യത്യസ്തമായാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരേസമയം, കനത്ത ചൂടും,ശേഷം ഇടവിട്ട മഴയും ഉണ്ടാകുമെന്നുള്ളതാണ് പ്രധാന പ്രത്യേകത. ചിലയിടങ്ങളിൽ അന്തരീക്ഷം കൂടുതൽ ചൂടായും ചില ഇടങ്ങളിൽ വരണ്ട് ഉണങ്ങിയ അവസ്ഥയിലും ആയിരിക്കും. ആരോഗ്യപരമായ പലവിധ പ്രതിസന്ധികളും ഇതുമൂലം ഉണ്ടാകാമെന്നും അധികൃതർ പറയുന്നു. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഈർപ്പവും ആകാശം മേഘങ്ങളാൽ മൂടപ്പെടുവാനുമുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല.