ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ അഭയാർഥികളോടുള്ള യുകെയുടെ സമീപനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തുവന്നു. പുതിയതായി തുടങ്ങാനിരിക്കുന്ന പദ്ധതിപ്രകാരം ഉക്രൈൻ അഭയാർഥികളെ ബ്രിട്ടീഷുകാർക്ക് തങ്ങളുടെ വീടുകളിൽ കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്നവരോട് യുകെ ഉദാരമായി പെരുമാറുമെന്നും പുതിയ വിസ പദ്ധതിയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിട്ടൻ ഉദാരമായ സമീപനം കൈക്കൊള്ളുമ്പോഴും രാജ്യ സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 1000 അഭയാർഥികളെ മാത്രം യുകെയിൽ അഭയം നൽകിയതിൽ പരക്കെ വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് യുകെയുടെ അഭയാർത്ഥി നയത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്.
ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് ഉൾപ്പെടെ സർക്കാരിൻെറ മേൽ ശക്തമായ സമ്മർദ്ദമുണ്ട് . റഷ്യ കൂടുതൽ നഗരങ്ങളിലേയ്ക്ക് യുദ്ധം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിൽ 2.5 ദശലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ നിന്ന് പാലായനം ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1.5 ദശലക്ഷം അഭയാർത്ഥികൾ ആദ്യം പോളണ്ടിലേയ്ക്ക് ആണ് പോയതെങ്കിലും അവരിൽ 40 % പേർ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് പോയതായാണ് കരുതപ്പെടുന്നത്.
Leave a Reply