ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൊവ്വാഴ്ച 117,093 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുകെയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ഏകദേശം 9,546 പേർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ഈ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. ഇതുവരെ ഒമിക്രോൺ മൂലമുണ്ടായ ആശുപത്രി കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ക്രിസ്തുമസ് കാലയളവിലുള്ള രാജ്യത്തെ മുഴുവൻ കോവിഡ് ഡേറ്റ ഇതുവരെ ലഭ്യമല്ല. യുകെ ഗവൺമെൻറിൻറെ കോവിഡ് ഡാഷ്‌ബോർഡിൽ ചൊവ്വാഴ്ച 129,471 കേസുകൾ കൂടി രേഖപ്പെടുത്തി. എന്നാൽ ഈ കണക്കുകളിൽ ഇംഗ്ലണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള ഡേറ്റകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ജനുവരി ആദ്യവാരം മാത്രമേ ദേശീയതലത്തിലുള്ള കോവിഡ് വ്യാപനത്തിൻെറ പൂർണമായ രൂപം ലഭിക്കുകയുള്ളൂ.

ആളുകൾ പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും യുകെയിലെ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. വിനോദസഞ്ചാരികൾ പുറത്തു പോകുന്നതിനു മുമ്പ് ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തണമെന്നും നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം ആഘോഷങ്ങൾ നടത്താൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി പുതുവർഷത്തിനു മുന്നോടിയായി ഇംഗ്ലണ്ടിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നില്ല എന്ന് സർക്കാർ തീരുമാനിച്ചു. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികളിൽ വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവായതിനാൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കേണ്ടതില്ലെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ ജോൺ ബെൽ പറഞ്ഞു. വെയിൽസിൽ ക്രിസ്തുമസിന് മുമ്പുള്ള ദിവസങ്ങളിലെ കണക്കുകൾ കുത്തനെ വർദ്ധിച്ചു അതേസമയം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് സ്കോട്ട്‌ലൻഡിലേത് ഡിസംബർ 24 മുതലുള്ള നോർത്തേൺ അയർലൻഡിലെ പുതിയ കേസുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ല.