ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ 5 വയസ്സു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി തുടങ്ങി . രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് വേണ്ടി കുറഞ്ഞ ഡോസിലുള്ള വാക്സിൻ ബുക്ക് ചെയ്യാനാവും. മറ്റ് രാജ്യങ്ങളിൽ ഇതിനോടകം വ്യാപകമായി ഉപയോഗിക്കുന്ന വാക്സിനുകളാണ് യുകെയിലും ലഭ്യമാകുക . തിങ്കളാഴ്ച മുതൽ നൂറുകണക്കിന് സൈറ്റുകളിൽ നിന്ന് വാക്സിൻ ലഭ്യമാകും.

കുട്ടികൾക്ക് വാക്സിനുകൾ നൽകുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിന് നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്കോട്ലാൻഡ് , വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ വാക്‌സിൻ നൽകി തുടങ്ങിയിട്ടുണ്ട്. പൊതുവെ മിക്ക കുട്ടികൾക്കും കോവിഡിൽ നിന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 12 ആഴ്ച ഇടവിട്ടാണ് വാക്‌സിനുകൾ നൽകേണ്ടത്. അഞ്ചുലക്ഷത്തോളം കുട്ടികൾ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ യോഗ്യരാണ്.

യുകെയിൽ ദിനംപ്രതി കോവിഡ് വ്യാപനതോത് ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ 4.9 ലക്ഷം ആളുകൾക്ക് വൈറസ് ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് . ഒരാഴ്ച മുമ്പ് ഇത് 4.3 ലക്ഷം മാത്രമായിരുന്നു. കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന സൗജന്യ പരിശോധനകൾക്ക് ഇപ്പോൾ ഇംഗ്ലണ്ടിൽ ഭൂരിഭാഗംപേരും അർഹരല്ല . അതുകൊണ്ട് തന്നെ രോഗബാധിതരുടെ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാകാം എന്ന ആശങ്കയും ശക്തമായിട്ടുണ്ട് .