രാധാകൃഷ്ണൻ മാഞ്ഞൂർ
അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ജോസ് പുല്ലുവേലി എൻ്റെ എഴുത്തു വഴികളിൽ ഒരു മാർഗ്ഗദീപമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചാം തീയതി വേർപാടിന്റെ നൊമ്പരം സമ്മാനിച്ച് അദ്ദേഹം കടന്നു പോവുമ്പോൾ അറുപത്തിയെട്ടു വയസ്സായിരുന്നു. ബാലസാഹിത്യം, ചെറുകഥകൾ, നാട്ടുചരിത്രം, നർമ്മ സാഹിത്യം, എന്നീ വിവിധ മേഖലകളിലായി ഏകദേശം പതിനേഴ് പുസ്തകങ്ങൾ മലയാളത്തിനു സമ്മാനിച്ചു.
വർഷങ്ങൾക്കു മുൻപ് പൊൻകുന്നത്ത് നിന്ന് ‘മനോരാജ്ഞി ‘ എന്നൊരു മാസിക പുറത്തിറക്കി കൊണ്ടാണ് പത്ര പ്രവർത്തന രംഗത്തേക്കു കടന്നുവരുന്നത്. വെറും രണ്ടു ലക്കങ്ങൾ കൊണ്ട് മാസിക നിലച്ചു. പിന്നീട് ഏറെക്കാലം എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ദീപിക ,കലാകൗമുദി, മനോരമ, ട്രയൽ മാസിക, കഥ മാസികയടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായി. പിന്നീട് രണ്ടായിരത്തിയൊന്നിൽ മലയോരം മാസികയും, നവീക ബുക്സും , അക്ഷര കാഴ്ചയെന്ന ലിറ്റററി മാസികയുമൊക്കെ ആരംഭിക്കുന്നത്. പിന്നിട്ട എഴുത്തു വഴികളെല്ലാം വിജയമായിരുന്നെങ്കിലും തന്റെ കൃതികൾ കാലത്തെ അതിജീവിക്കുമെന്ന് പുല്ലു വേലിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.
പല കൃതികളുടെയും നിരവധി എഡിഷനുകൾ ഇറങ്ങിയിട്ടും കൃത്യമായി റോയൽറ്റി തരാതെ വഞ്ചിച്ച പല പ്രസാധക മുതലാളിമാരോടും അദ്ദേഹം ക്ഷമിച്ചു. അവരൊക്കെ ഏതെങ്കിലും കാലത്ത് റോയൽറ്റി തുക തരുമെന്ന് വെറുതെ പ്രതീക്ഷിച്ചു. എഴുത്തിൻറെ കൂട്ടുകൃഷി സമ്പ്രദായങ്ങൾ, കുതികാൽ വെട്ടലുകൾ … ഇതൊന്നും ജോസ് പുല്ലുവേലിയ്ക്കറിയില്ലായിരുന്നു. ഭാഷയും , സംസ്കാരവുമാണ് ആ എഴുത്തിന്റെ ജീവധാതു . മൂല്യങ്ങൾക്കു നേരെയുള്ള നിസ്സംഗതയും സ്നേഹരാഹിത്യവും മുഖമുദ്രയാക്കിയ ഒരു സമൂഹത്തെ അദ്ദേഹം തൻറെ ചെറു കഥകളിലൂടെ ആവിഷ്കരിച്ചു. കാലത്തോടുള്ള പരിഹാസവും അമർഷവും പല കഥകളിലും നമുക്ക് കാണാനാവും. ‘ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ) ‘ ഏർപ്പെടുത്തിയ സാഹിത്യ ദീപം അവാർഡ് നേടിയ ‘നാട്ടുപച്ച ‘എന്ന കൃതി മാത്രം മതി പുല്ലു വേലിയെന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ . അറുപതുകളിലെയും എഴുപതുകളിലെയും നേർചിത്രം ഈ കൃതിയിലുണ്ട്. മനുഷ്യർ , അവൻറെ തൊഴിലിടങ്ങൾ, വേഷം, ഭാഷ, മതം, ജാതി വിനിമയങ്ങൾ … അങ്ങനെ പൂർവ്വ കാലങ്ങളെ അതിൻറെ നന്മയെ, സമൃദ്ധിയെ ആഘോഷിക്കുന്ന ഒരു വ്യത്യസ്ത രചന. ഒരു നാടും , ഒരു കാലഘട്ടവും, അവിടെ അധിവസിക്കുന്ന മനുഷ്യരുമൊക്കെ ചേർന്ന് നാട്ടു സംസ്കൃതിയുടെ സിംഫണിയൊരുക്കുന്നു. ‘ നാട്ടുപച്ച ‘ യുടെ പഴയ പേര് ‘ ഗ്രാമ സ്മൃതികൾ ‘ എന്നായിരുന്നു . ഒരു വർഷം മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ പ്രചാരമുള്ള ‘ മലയാളം പത്രം ‘ (ന്യൂയോർക്ക് ) ഈ കൃതി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഈ ‘ടാബ്ലോയിഡ് ‘ പത്രത്തിൻറെ എഡിറ്റോറിയൽ ഓഫീസ് കോട്ടയത്തായിരുന്നു. ഈ പത്രത്തിൻറെ എഡിറ്റർ ശ്രീ. കെ. സി. ജയനാണ് ‘ഗ്രാമ സ്മൃതി ‘കളുടെ തുടക്കത്തിന് കാരണമായത്, പിന്നെ മറ്റൊരാൾ മലയാളത്തിൻറെ പ്രിയ കവിയത്രി റോസ് മേരിയും, പുല്ലുവേലിയുടെ ‘ മലയോരം ‘ മാസികയിൽ പഴയ നാട്ടു ചരിത്രത്തിൻറെ ഇന്നലെകളിലൂടെയുള്ള യാത്ര വായിച്ച റോസ് മേരി അമേരിക്കൻ പത്രത്തിന് ഈ ഫീച്ചർ അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ആദ്യഭാഗം ഫീച്ചർ കിട്ടിയപ്പോൾ തന്നെ കെ. സി. ജയൻ വലിയ പ്രോത്സാഹനം നൽകി.
ഒരുവർഷം മുഴുവൻ ആ പംക്തി തുടർന്നു. പ്രശസ്ത ചിത്രകാരൻ സുരേഷ് കുമാർ ആ ഫീച്ചറിന് മനോഹരമായ ചിത്രങ്ങൾ വരച്ചു. നൂറാം ലക്കം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ഒരു ദിവസം ജോസ് പുല്ലുവേലി എന്നോട് ഒരാവശ്യം ഉന്നയിച്ചു. ” താങ്കൾ ഈ ഫീച്ചറിന് ഒരു റിവ്യൂ എഴുതണം.”
എഴുതാൻ രണ്ടാഴ്ച സമയം തന്നു .
‘ ഇന്നലകളിൽ നിന്ന് ഇന്നിലേക്കുള്ള ദൂരം’ എന്ന ടൈറ്റിലിൽ ഞാനൊരു റിവ്യൂ എഴുതി. ടാബ്ലോയ്ഡ് പത്രത്തിൽ വന്ന ആ റിവ്യൂ വായിച്ച് നിരവധി ഇമെയിൽ സന്ദേശങ്ങൾ എനിക്കു ലഭിച്ചു. അപ്പോഴാണ് പുല്ലുവേലിയെന്ന സാഹിത്യകാരന്റെ മൂല്യം എനിക്കു മനസ്സിലായത് . അത്രയേറെ വായനക്കാർക്ക് പ്രിയപ്പെട്ട പംക്തിയായിരുന്നു ‘ ഗ്രാമ സ്മൃതികൾ ‘ .
അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടി താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി ജോസ് പുല്ലുവേലിക്കൊരു മെയിൽ അയച്ചു. അതിലെ സാരം ഇങ്ങനെയായിരുന്നു. ‘ ഗ്രാമ സ്മൃതി ‘കളിലെ പഴയ ഉറിയെപ്പറ്റിയുള്ള (ഓല മെടഞ്ഞുണ്ടാക്കിയത് ) ഭാഗം വായിച്ച് അവധിക്കാലത്ത് പത്തനംതിട്ടയിലെ ഒരു നാട്ടു ചന്ത മുഴുവൻ ഓല ഉറിക്കായ് തേടി നടന്നതും ഇപ്പോൾ പ്ലാസ്റ്റിക് ഉറിയുടെ കാലമാണെന്ന് ഒരു വ്യാപാരി പറഞ്ഞതൊക്കെ ആ മാന്യ വനിത എഴുതിയിരുന്നു. ( പിന്നീട് ‘ ഗ്രാമ സ്മൃതികൾ ‘ ‘നാട്ടുപച്ച ‘ എന്നപേരിൽ കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കി.)
സ്വന്തം പുസ്തകങ്ങൾ വായിച്ചിട്ട് ആര് അഭിപ്രായം പറഞ്ഞാലും ‘സന്തോഷം ‘ എന്ന ഒറ്റവാക്കായിരുന്നു മറുപടി. അമിതമായ ആഹ്ളാദം ഒന്നിലും പ്രകടിപ്പിച്ചില്ല . പുസ്തക ചർച്ചകളും സ്വയം മേനി നടിക്കുന്ന ഗിരി പ്രഭാഷണങ്ങളും സ്വയം സംഘടിപ്പിച്ച് അഴകിയരാവണൻമാരായി മുന്നേറുന്ന എഴുത്തു സിംഹങ്ങൾക്കിടയിൽ ജോസ് പുല്ലുവേലി ഉണ്ടായിരുന്നില്ല. വലിയ പ്രസംഗങ്ങളെയും വാഗ്ദ്ധാരണികളെയും വല്ലാതെ ഭയന്നു. കവി പി. മധു മാഷ് നേതൃത്വം നൽകുന്ന പൊൻകുന്നം ജനകീയ വായനശാലയുടെ പല സാഹിത്യ വേദികളിലും കാര്യമായ് പ്രസംഗിക്കാൻ പറ്റിയിട്ടില്ലെന്ന് പുല്ലുവേലി പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ കാര്യത്തിൽ ഞാനുമൊരു പരാജയമാണെന്നു പറഞ്ഞ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. (എന്തുകൊണ്ടാണെന്നറിയില്ല , മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ പറയാനുള്ള പലകാര്യങ്ങളും എന്നിൽ നിന്നും പടിയിറങ്ങി പോവുന്നു !)
കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ സുഹൃദ് ബന്ധങ്ങൾ ജോസ് പുല്ലുവേലിയ്ക്കു ചുറ്റും പടർന്നു പന്തലിച്ചു.
പ്രശസ്ത സാംസ്കാരിക പ്രവർത്തകനും , പ്രഭാഷകനുമായ ശ്രീ . കനുൽ തുമരംപാറ, അനുശോചന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. ” ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലെ മുതിർന്ന ആൾ എന്നതു മാത്രമല്ല പുല്ലുവേലി മാഷിനെ വ്യത്യസ്തനാക്കിയത്. നിശബ്ദതയുടെയും മൗനത്തിന്റെയും വാത്മീകത്തിനുള്ളിൽ ഒളിച്ചു നിൽക്കുമ്പോഴും അടങ്ങാത്ത അക്ഷര – എഴുത്തു പ്രേമം പലപ്പോഴും പുറന്തോട് പൊളിച്ച് പുറത്തെത്തുന്നത് ഈ കൂട്ടായ്മകൾക്കുള്ളിലായിരുന്നു. സംസാരത്തേക്കാൾ കൂടുതലും കേൾവിക്കാരനായിരുന്നു. എഴുതി കൂട്ടിയതിന്റെ ഒപ്പം വളരാതെ പോയ ഒരു പാവം മനുഷ്യൻ . സംവാദത്തിന്റെയും സംവേദനത്തിന്റെയും സൗന്ദര്യാത്മകമായ ഭിന്ന ഭാവങ്ങൾ എന്നും മാഷിന് ഉണ്ടായിരുന്നു. സംസാരത്തിൽ പിശുക്കനായിരുന്നെങ്കിലും സമുദ്രത്തെക്കാൾ ആഴമേറിയ ചില നിശബ്ദതകളും , വാചാലമായ ചില മൗനങ്ങളും അളന്നു കുറിച്ച ചില വാക്കുകൾ കൊണ്ടും ഞങ്ങളുടെ കൂട്ടായ്മകളെ സക്രിയമാക്കിയിരുന്നു. ”
ഭാര്യ :-മറിയമ്മ എരുമേലി വെട്ടുകല്ലാംകുഴി കുടുംബാംഗം.
മക്കൾ :- ലിസ ജോസ് (മെഡിസിറ്റി പാലാ), എബിൻ ജോസ്
മരുമകൻ :- തോമസുകുട്ടി ( മൂങ്ങാമാക്കൽ, അരുവിക്കുഴി )
ഉപരേഖ :-
ഓർമ്മകൾ അപ്രത്യക്ഷമായ ഉറവച്ചാലുകളാണ് …. നാളെ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാവുന്നത്… തീവ്രവും , തീഷ്ണവുമായ ആ ഓർമ്മകൾക്കു മുന്നിൽ എൻറെ കണ്ണീർ പ്രണാമം…
‘വഴിയറിയാതൊഴുകുന്ന പുഴ ‘ എന്ന പുസ്തകത്തിൻറെ കൈയ്യെഴുത്തു പ്രതി അച്ചടിക്കു നൽകാനിരിക്കുമ്പോഴാണ് മരണം പുല്ലുവേലി മാഷിനെ കവരുന്നത്. ആ പുസ്തകം പൊൻകുന്നം ജനകീയ വായനശാല മെയ് ആദ്യ വാരത്തിൽ പ്രസിദ്ധപ്പെടുത്തുകയാണ്.
Good റിവ്യൂ, പ്രണാമം പുല്ലുവേലി മാഷ് 🙏❤
ഓർമയിലുണ്ട് ആ സ്നേഹം നിറഞ്ഞ വ്യക്തിത്വം………… പ്രണാമം 🙏🌹
കൊച്ചേ നിന്റെ പുല്ലുവേലി സാറിന് എന്റെയും പ്രണാമം അറിയിക്കുന്നു 🙏🙏🙏🌹🌹… നിനക്ക് സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ❤❤