ബിനോയ് എം. ജെ.
ആത്മസ്നേഹം സ്വാർത്ഥതയാണെന്ന് ഏത് മഠയനാണ് പറഞ്ഞത് ? ഒരു പക്ഷേ ആരും അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. എങ്കിലും അങ്ങനെ ഒരു ധാരണ മനുഷ്യമനസ്സുകളിൽ രൂഢമൂലമാണ്. അതുകൊണ്ട് തന്നെ സ്വയം സ്നേഹിക്കുന്നതിൽ മനുഷ്യർ വിമുഖത കാണിക്കുന്നു. അസംതൃപ്തിയും, അപകർഷതയും, ആഗ്രഹങ്ങളും അതിന്റെ പരിണതഫലങ്ങളാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? സ്വയം സ്നേഹിക്കുമ്പോഴാണോ സ്വയം വെറുക്കുമ്പോഴാണോ ഒരാൾ നല്ലവനും ശ്രേഷ്ഠനുമാകുന്നത്? നിങ്ങൾക്ക് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം – ഒന്നുകിൽ സ്വയം സ്നേഹിക്കാം അല്ലെങ്കിൽ സ്വയം വെറുക്കാം. രണ്ടും കൂടി ചെയ്യുവാനാവില്ല.
സ്നേഹത്തെ ക്രിസ്തുമതക്കാർ പരമമായ മൂല്യമായി കരുതുന്നു. എല്ലാവരെയും അനന്തമായി സ്നേഹിക്കുവാനുള്ള കഴിവ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതെങ്ങനെ ഉണ്ടാക്കിയെടുക്കാം? എല്ലാവരെയും കുറെയൊക്കെ സ്നേഹിക്കുവാൻ നമുക്ക് കഴിഞ്ഞേക്കാം. എന്നാൽ എങ്ങനെയാണ് എല്ലാവരെയും അനന്തമായി സ്നേഹിക്കുന്നത്? അതിന് ഒരു മാർഗ്ഗമുണ്ട്! ആദ്യമേ നമ്മെത്തന്നെ അനന്തമായി സ്നേഹിക്കുക! ആത്മസ്നേഹം കരകവിഞ്ഞൊഴുകുമ്പോൾ അത് മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്നു. അനന്തസ്നേഹത്തിന്റെ ഉറവിടം നമ്മുടെ ഉള്ളിലുണ്ട്. ആ സ്നേഹത്തെ തടയാതിരിക്കുക! ഞാൻ എന്നെത്തന്നെ അനന്തമായി സ്നേഹിക്കുമ്പോൾ എനിക്ക് മറ്റുള്ളവരുടെ സ്നേഹം ആവശ്യമില്ല. പിന്നീട് ഞാൻ സ്നേഹത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയുമില്ല. അവർ എന്നെ സ്നേഹിക്കുകയോ സ്നേഹിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്കത് വിഷയമല്ല. അപ്പോൾ ഞാൻ എന്നിൽ തന്നെ സംതൃപ്തനാകുന്നു. ആ സംതൃപ്തിയുടെ പൂർണ്ണതയിൽ എന്നിൽ നിന്നും നിരുപാധികസ്നേഹം പുറത്തേക്ക് ഒഴുകുന്നു.
നമ്മുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആ ഈശ്വരനെ നാം എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്? വാസ്തവത്തിൽ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നാം പുറത്ത് അന്വേഷിക്കുന്നു- അതാണതിന്റെ സത്യം. ആശയക്കുഴപ്പവും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നത് പിന്നെങ്ങിനെയാണ്? നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിച്ചുതുടങ്ങുവിൻ. അതാകുന്നു ഏറ്റവും വലിയ ഈശ്വരപൂജ. മറിച്ച് നിങ്ങൾ നിങ്ങളെത്തന്നെ വെറുത്ത് തുടങ്ങിയാൽ നിങ്ങൾ ഈശ്വരനിന്ദ ചെയ്യുന്നു.
നിങ്ങൾ നിങ്ങളെക്കാൾ പ്രാധാന്യം മറ്റുള്ളവർക്കും സമൂഹത്തിനും കൊടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈശ്വരനെ പുറത്തന്വേഷിക്കുന്നയാളാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സദാ സ്വയം വിമർശിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ആത്മവിമർശനം ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുന്നതിന് തുല്യമാണ്. നിങ്ങളുടെ ആത്മാവ് സദാ വെന്തുരുകിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് ആനന്ദത്തിന്റെ ഒരു തരിപോലും അനുഭവിക്കുവാൻ കഴിയുകയില്ല. മാത്രവുമല്ല മറ്റുള്ളവർ നിങ്ങളെ വെറുക്കുകയും ചെയ്യും.
നിങ്ങളുടെ ബുദ്ധി നിങ്ങൾക്ക് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല ഉപകരണമാണ്. അത് ഒരു കത്തി പോലെയാണ്. അത് കൊണ്ട് നിങ്ങൾക്ക് എന്തും മുറിക്കാൻ കഴിയും. അത് ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് നിങ്ങളുടെ വയർ കുത്തി കീറുവാനും കഴിയും. അതുപോലെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് സർഗ്ഗാത്മകമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ബുദ്ധി നിങ്ങൾക്ക് എതിരായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. അത് ബുദ്ധിയുടെ കുഴപ്പമല്ല. നിങ്ങൾ അതിനെ തെറ്റായി ഉപയോഗിക്കുന്നു. നിങ്ങൾ സ്വയം വിമർശിക്കുമ്പോൾ നിങ്ങളുടെ ബുദ്ധി നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ ഇല്ലെന്ന് കരുതുന്നതുകൊണ്ടാണ് ഇപ്രകാരം നിങ്ങൾ സ്വയം വിമർശിക്കുന്നത്. ഒരുപക്ഷെ നിങ്ങളുടെയുള്ളിൽ ചെകുത്താനാണ് വസിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. ഇത്തരം തെറ്റുകളെ തിരുത്തുക. അപ്പോൾ നിങ്ങൾ പരിപൂർണ്ണരാവും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply