ജീവനക്കാരന് 1500 കോടി രൂപയുടെ വീട് സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി. തന്റെ വിശ്വസ്തനായ മനോജ് മോദിക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഈ വലിയ സമ്മാനം നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ ആണ് മുകേഷ് അംബാനി മനോജ് മോദിക്ക് സമ്മാനിച്ച വീട്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 22 നിലകളായാണ് കെട്ടിടം പണിതിരിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലാണ് ഈ വീടുള്ളത്.

മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. 1980കളുടെ തുടക്കത്തില്‍ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുമ്പോഴാണ് മനോജ് മോദി റിലയന്‍സില്‍ ചേര്‍ന്നത്. റിലയന്‍സ് കമ്പനിയുടെ വളര്‍ച്ചയ്ക്കായി അംബാനി തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു.

അംബാനി കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞാല്‍ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മനോജ് മോദി. റിലയന്‍സ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ അദ്ദേഹമാണ്.

മനോജ് മോദി നിലവില്‍ റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. മനോജ് മോദിക്ക് മുകേഷ് അംബാനി സമ്മാനമായി നല്‍കിയ വീട് തലത്തി ആന്‍ഡ് പാര്‍ട്ണേഴ്സ് എല്‍എല്‍പി രൂപകല്‍പ്പന ചെയ്തതാണ്. കൂടാതെ വീട്ടുപകരണങ്ങള്‍ ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.