മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ എ.ആര്‍ ക്യാംപില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ എത്തിച്ചത്. റിമാന്‍ഡ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു എന്നതടക്കം അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല.

എന്ത് തെറ്റാ ചെയ്തതെന്ന് സമൂഹം പറയണമെന്നും, എന്തിനാണ് എന്നെ എഴുന്നള്ളിച്ച് നടക്കുന്നതെന്ന് പൊലീസിനോട് ചോദിക്ക് എന്നായിരുന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും മുമ്പ് പി.സി. ജോര്‍ജിന്റെ പ്രതികരണം.

തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരമാണെന്നും സര്‍ക്കാര്‍ തന്നോട് കാണിക്കുന്നതെന്ന് ഇരട്ടനീതി മാത്രമല്ല ക്രൂരതയാണെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.

‘എനിക്ക് ബി.ജെ.പിയുടെ ആത്മാര്‍ത്ഥമായ പിന്തുണയുണ്ട്, സുരക്ഷ ജനം തരും, ഭയം എന്താണെന്ന് എനിക്ക് അറിയില്ല’, പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായിരുന്നു.

നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി. ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ്  കോടതി റദ്ദാക്കിയത്.