ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഒടുവിൽ ആ മുഹൂർത്തം വന്നെത്തി. ലില്ലിബെറ്റിനെ നേരിൽ കണ്ട് എലിസബത്ത് രാജ്ഞി. ഹാരിയും മേഗനും യുകെയിൽ എത്തി രണ്ട് ദിവസങ്ങൾക്കുള്ളിൽ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ വെച്ച് രാജ്ഞി ലില്ലിബെറ്റിനെ കണ്ടെന്നും ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്തു. ഹാരിയും മേഗനും മക്കളോടൊപ്പം ബുധനാഴ്ചയാണ് സ്വകാര്യ ജെറ്റിൽ ബ്രിട്ടനിലെത്തിയത്. തുടർന്നാണ് രാജ്ഞിയെ കാണാൻ എത്തിയത്. തികച്ചും വൈകാരികമായ കുടുംബ സംഗമമായിരുന്നു നടന്നത്. ലിലിബെറ്റ് ഇന്ന് തന്റെ ആദ്യ ജന്മദിനം യുകെയിൽ ആഘോഷിക്കും.
ഇന്നത്തെ ആഘോഷപരിപാടികളിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം നേരത്തെ തന്നെ അറിയിച്ചിരുന്നു. എപ്‌സം ഡെർബിയിലേക്കുള്ള യാത്ര റദ്ദാക്കി. ഒപ്പം ഇന്ന് രാത്രി കൊട്ടാരത്തിൽ നടക്കുന്ന പാർട്ടിയിലും രാജ്ഞി പങ്കെടുക്കില്ല. അതിനാൽ തന്നെ ലില്ലിബെറ്റിനോടും ആർച്ചിയോടുമൊപ്പം സമയം ചെലവഴിക്കാനാകും രാജ്ഞി ശ്രമിക്കുക. ചാൾസ് രാജകുമാരനും തന്റെ കൊച്ചുമക്കളെ കാണും.
എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരാണ് ലില്ലിബെറ്റ്. ഹാരിയുടെ മകൾക്ക് ലില്ലിബെറ്റ് എന്ന പേരിടാൻ രാജ്ഞിയോട് അനുമതി തേടിയില്ലെന്ന ബിബിസി വാർത്ത കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ, രാജ്ഞിയോട് ഇക്കാര്യം മുൻകൂട്ടി പറഞ്ഞിരുന്നതായും അനുമതി നൽകിയില്ലായിരുന്നെങ്കിൽ ഈ പേര് ഉപയോഗിക്കില്ലായിരുന്നുവെന്നും ഹാരിയുടെയും മേഗന്റെയും വക്താവ് പറഞ്ഞു.
Leave a Reply