ആംബർ ഹേർഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ​ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യു.കെയിൽ ഒരു സം​ഗീതപര്യടനത്തിനാണ് താരം പോയത്. പര്യടനത്തിനിടെ ജോണി ഡെപ്പ് പണം വാരിയെറിഞ്ഞ ഒരു സംഭവം വാർത്തയാവുകയാണ്.

ബെർമിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച ഡെപ്പും ജെഫും ടിപ്പായി നൽകിയത് വൻതുകയാണ് എന്നതാണാ വാർത്ത. ഇതെല്ലാം നടന്നത് വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറന്റിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ഇരുവരും ചേർന്ന് ടിപ്പ് നൽകിയത്.

അത്താഴം കഴിക്കാനാണ് ജെഫ് ബെക്കും ജോണി ഡെപ്പും എത്തിയതെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു റെസ്റ്റോറന്റ് വക്താവിന്റെ പ്രതികരണം. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്നാണ് ഇതേക്കുറിച്ച് റെസ്റ്റോറന്റ് അധികൃതർ പറഞ്ഞത്. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും വാരണാസിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഹുസ്സൈൻ പ്രതികരിച്ചു.

ഇക്കഴിഞ്ഞ മേയ് 31-നാണ് മാനനഷ്ടക്കേസിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. അനുകൂല വിധി വന്നതിന് പിന്നാലെ നടത്തിയ പര്യടനത്തിനിടെ പല പൊതുസ്ഥലങ്ങളിലും ജോണി ഡെപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.