ഹൗസ് ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നതാണ് മേഖലയിലെ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ആക്ഷേപം. അടിക്കടിയുള്ള അപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് പരിശോധന കർശനമാക്കി. ഒരുമാസത്തിനുള്ള രേഖകൾ ഇല്ലാതെ സർവീസ് നടത്തിയ 46 ബോട്ടുകളുടെ ഉടമകൾക്ക് തിരിച്ചടിയായി.
കഴിഞ്ഞ ദിവസം കന്നിട്ടെ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിന്റെ അടിപലക ഇളകി വെള്ളം കയറി താഴ്ന്നു. ഇതിലെ സഞ്ചാരികളുടെ ബാഗ് ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് എടുക്കുന്നതിനിടെ കൈനകരി സ്വദേശി പ്രസന്നൻ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം.
ഒരുമാസത്തിനുള്ളിൽ നാല് ഹൗസ്‌ബോട്ടുകൾക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതിയുണ്ട്. പരിശോധനാസംഘം നൽകിയ നോട്ടീസിന് പുല്ലു വിലയാണ് ഇവർ നൽകിയത്. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഉടമകൾ അലംഭാവം കാട്ടുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വേമ്പനാട്ട് കായലിൽ 1500ൽ അധികം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകൾക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളതത്രെ.
ആഭ്യന്തര സഞ്ചാരികൾകായൽസൗന്ദര്യവും കുട്ടനാടിന്റെ തനത് രുചിയും അറിയാൻ ജില്ലയിലേക്ക് എത്തുന്നവടെ എണ്ണം വർദ്ധിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ടുടമകൾ മുഖം തിരിഞ്ഞു നിൽക്കുന്നു. കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതാണ് ദുരന്തങ്ങൾക്ക് പലപ്പോഴും കാരണം. സർക്കാർ നിർദേശങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ ഇവ ഒഴിവാക്കാൻ കഴിയും. കായൽ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്ന അവസ്ഥയുണ്ട്. സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.
ലൈസൻസ് എടുക്കാതെ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് സർവീസ് നടത്തുന്നവരുണ്ട്. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് പോലും മുഖം തിരിഞ്ഞു നിന്ന ഹൗസ് ബോട്ടുടമകൾക്കെതിരെ ജില്ലാഭരണകൂടം നിയമ നടപടി സ്വീകരിച്ചപ്പോഴാണ് സഹകരിച്ചത്. വ്യക്തമായ രേഖകളും ഡ്രൈവർക്ക് ലൈസൻസുമില്ലാതെ സർവീസ് നടത്തുന്നതായി അന്ന് വെളിച്ചത്തായെങ്കിലും തുടർ നടപടി വെള്ളത്തിൽ വരച്ച വര പോലെയായി.
പരിശോധന കടുപ്പിക്കും
ലൈസൻസ് നൽകേണ്ട ചുമതല തുറമുഖ വകുപ്പിനാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 46ബോട്ടുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ വകുപ്പ് അധികാരികൾ നോട്ടീസ് നൽകിയാൽ ആ വഴിക്ക് ബോട്ടുടമകൾ തിരിഞ്ഞുനോക്കാറില്ല. എല്ലാ ബോട്ടുകളും മൂന്ന് വർഷത്തിൽലൊരിക്കൽ ഡോക്കിൽ കയറ്റി അടിപലകയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന നിയമം പാലിക്കാറില്ലാത്തതാണ് വെള്ളകയറിയുള്ള ദുരന്തങ്ങൾക്ക് കാരണം.
ഹൗസ് ബോട്ട് യാത്ര സുരക്ഷിതമാക്കാൻ
* ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള രക്ഷാമർഗങ്ങൾ നിർബന്ധമാക്കണം.
* കാലപ്പഴക്കം ചെന്നതും ലൈസൻസില്ലാത്തതുമായ ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി
* യാത്രയ്ക്കിടെ കുട്ടികളും മുതിർന്നവരും കൈവരിയിലും മറ്റും നിൽക്കാതെ ശ്രദ്ധിക്കണം.
* സംഘടനകളും ഹൗസ് ബോട്ട് ഉടമകളും വേണ്ട നിർദേശങ്ങൾ ജീവനക്കാർക്കും സഞ്ചാരികൾക്കും നൽകണം.
അപകട കാരണങ്ങൾ
* രണ്ടു മുറിയുള്ള ഹൗസ്‌ബോട്ടിൽ 15 പേരെ വരെ കയറ്റി സവാരി
* ജീവനക്കാരിൽ ഒരു വിഭാഗം സഞ്ചാരികൾക്കൊപ്പം മദ്യപിക്കുന്നത്
* മദ്യപിച്ച് കാൽവഴുതി വെള്ളത്തിൽ വീണാൽ നീന്തൽ അറിയാമെങ്കിലും രക്ഷപ്പെടാൻ കഴിയില്ല”അടിക്കടി ദുരന്തങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ സഹായത്തോടെ പ്രതിദിന പരിശോധന നടത്തും. നിയമപരമല്ലാത്ത എല്ലാ ബോട്ടുകൾക്കും നിലവിലുള്ള നിയമം അനുസരിച്ച് നടപടിയെടുക്കും”.
ക്യാപ്റ്റൻ എബ്രഹാം കുര്യക്കോസ്, പോർട്ട് ഓഫീസർ, തുറമുഖവകുപ്പ്
Leave a Reply