ഷെറിൻ പി യോഹന്നാൻ
ദിവസേന ഒരു ഡീസന്റ് ഷെഡ്യൂൾ വച്ചുപോരുന്ന ആളാണ് പ്രിയദർശൻ. ആളൊരു ഹോമിയോ ഡോക്ടർ മാത്രമല്ല, ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയും എഴുത്തുകാരനും ഒക്കെയാണ്. അതിലുപരിയായി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഏറ്റെടുത്ത് അതിനു പുറകെ ഓടുന്ന വ്യക്തി. സ്വന്തം കാര്യത്തിലുപരിയായി തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ഓടുന്ന ആളാണ് നായകൻ. പ്രിയന്റെ നിർത്താതെയുള്ള ഓട്ടമാണ് ഈ സിനിമ.
മൾട്ടി ടാസ്കിങ് ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാവും. അത്തരം സ്വഭാവസവിശേഷതയുള്ള പ്രിയന്റെ ഒരു ദിവസത്തെ കാഴ്ചകളാണ് സിനിമയുടെ സിംഹഭാഗവും. എന്നാൽ ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരവസരം അയാളെ കാത്തിരിപ്പുണ്ട്. താൻ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ആ അവസരത്തിലേക്ക് എത്താൻ പ്രിയന് കഴിയുമോ എന്നാണ് സിനിമ പറയുന്നത്. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്.
വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നായകനെ കാണിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സ്വാഭാവം എന്ന് തുടങ്ങി സ്ഥിരം ശൈലിയിലാണ് ചിത്രം പ്രധാന കഥയിലേക്ക് കടക്കുന്നത്. നായകനെ വളരെ വേഗം എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കഥയും വലിയ തടസ്സമില്ലാതെ ഒഴുകുന്നു.
റിയലിസ്റ്റിക്കായ അവതരണവും ഷറഫുദീന്റെ പ്രകടനമികവുമാണ് ചിത്രത്തിന്റെ ശക്തി. നായകനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ പകുതി. പിന്നാലെ കഥയിലേക്ക് എത്തുന്ന പ്രിസ്കില്ല എന്ന കഥാപാത്രം. അവരുടെ യാത്രകൾ, പ്രശ്നങ്ങൾ ഒഴിയുന്ന കഥാന്ത്യം തുടങ്ങിയ പതിവ് രീതിയിലാണെങ്കിലും പ്രിയൻ മടുപ്പുളവാക്കുന്ന കാഴ്ചയല്ല.
നന്മ പടങ്ങളുടെ അതിപ്രസരമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു ഫീൽ ഗുഡ് ചിത്രം വിജയകരമായി ഒരുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ ഓവർ നന്മ കാണാൻ കഴിയുന്നില്ല. നന്മയുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നു പോകുന്നതിനാൽ കല്ലുകടിയായി അനുഭവപ്പെടില്ല. പ്രധാന കഥാപാത്രങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നൈല ഉഷയുടെ കഥാപാത്ര നിർമിതിയും പ്രകടനവും നന്നായിരുന്നു. ജാഫർ ഇടുക്കിയുടെ തമാശകൾ ചിലയിടങ്ങളിൽ വിജയം കാണുന്നുണ്ട്. ബിജു സോപാനം അവതരിപ്പിച്ച കുട്ടൻ, ഈ സിനിമയിൽ ഒരു കോമഡി കഥാപാത്രമാണ്. എന്നാൽ അദ്ദേഹം പറയുന്നതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്. പക്ഷേ അതൊക്കെ തമാശരൂപേണയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആൾദൈവങ്ങളുടെ ഫോട്ടോ വെക്കുന്നതൊക്കെ കുട്ടൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അത് തമാശയുടെ മറപറ്റി ഒതുങ്ങിപോവുകയാണ്. ഇവിടെയാണ് ആശയപരമായി പ്രിയൻ പിന്നിലേക്ക് പോകുന്നത്. പ്രിയന്റെ ഭാര്യയുടെ കഥാപാത്ര സൃഷ്ടിയും ശരാശരിയിൽ ഒതുങ്ങുന്നു. മേക്കിങ്, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ കഥയിൽ വലിയ കാര്യങ്ങളോ സംവിധായകന്റെ ക്രാഫ്റ്റോ കാണാൻ കഴിയില്ല. ഒരു ഡയലോഗും രണ്ട് സീനും മാത്രമേ ഉള്ളെങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടി മികച്ചു നിൽക്കുന്നുണ്ട്. കഥയിലൂടെ ഒരു പാതയൊരുക്കി അദ്ദേഹത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മൊത്തത്തിൽ, ബോറടിപ്പിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞവസാനിക്കുന്നു.
Bottom Line – നമുക്ക് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് പ്രിയൻ പറയുന്നത്. പ്രെഡിക്ടബിളായ കഥാസന്ദർഭങ്ങളാണ് ഏറെയും. ഷറഫുദീൻ, നൈല ഉഷ എന്നിവരുടെ പ്രകടനം മികച്ചുനിൽക്കുമ്പോഴും കഥാപരമായി പൂർണ തൃപ്തി നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. രണ്ടര മണിക്കൂർ അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രങ്ങളില്ലേ; അത്തരത്തിൽ ഒന്നാണ് പ്രിയന്റെ ഓട്ടവും.
Leave a Reply